KeralaLatestThiruvananthapuram

കോവിഡ്;​ പതിനാല് നിര്‍ദേശങ്ങളുമായി പ്രതിപക്ഷനേതാവ്​

“Manju”

തിരുവനന്തപുരം: രണ്ടാംതരംഗമായി സംസ്ഥാനത്ത് കോവിഡ് വീണ്ടും വന്‍തോതില്‍ പടരുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകാതെ നിയന്ത്രണവിധേയമാക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 14 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ആരോഗ്യമേഖലയിലെയും മറ്റു രംഗങ്ങളിലെയും വിദഗ്ധരുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. ഇത്​ ചീഫ് സെക്രട്ടറിക്ക് നല്‍കി.

ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്‍റ്​ എന്നിങ്ങനെ തിരിച്ചാണ്​ നിര്‍ദേശങ്ങള്‍. രോഗപ്രതിരോധത്തിന് തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തി രോഗത്തിനെതിരായ പോരാട്ടത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കണം. രോഗികള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ അവരെ പ്രവേശിപ്പിക്കുന്നതിന് വ്യക്തമായ അഡ്മിഷന്‍ പ്രോട്ടോകോള്‍ ഉണ്ടാക്കണം. ഇപ്പോള്‍ സാമ്പത്തികശേഷി ഉള്ളവരും സ്വാധീനശക്തി ഉള്ളവരുമായ ആളുകള്‍ ചെറിയ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ മുന്‍കരുതലെന്ന നിലക്ക്​ ആശുപത്രികളില്‍ കിടക്കകള്‍ കൈയടക്കുന്നു. ഇത് കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും അഡ്മിറ്റ് ചെയ്യാന്‍ കഴിയാതെ വരുന്നു. അതിനാല്‍ റഫറല്‍ സംവിധാനത്തിലൂടെ അഡ്മിഷന്‍ നല്‍കണം.

പ്രാഥമികചികിത്സക്കും റഫറല്‍ സംവിധാനത്തിനുമുള്ള ശൃംഖല സംസ്ഥാനത്തുടനീളം തയാറാക്കണം. ഐ.സി.യു, വെന്‍റിലേറ്റര്‍ ക്ഷാമം മുന്‍കൂട്ടിക്കണ്ട് സംസ്ഥാനത്തെ എല്ലാ ഐ.സി.യുകളും വെന്‍റിലേറ്റര്‍ ഐ.സിയുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് ‘കോമണ്‍ പൂള്‍’ ഉണ്ടാക്കണം. ജില്ലതല മെഡിക്കല്‍ ബോര്‍ഡിന്‍റെ മേല്‍നോട്ടത്തില്‍ അഡ്മിഷന്‍ പ്രോട്ടോകോള്‍ പാലിച്ച്‌​ അവയിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യണം. ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കണം. സംസ്ഥാനതല ലോക്ഡൗണ്‍ വേണ്ട. കടകള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നതിന് പകരം ടോക്കണ്‍ സമ്പ്രദായത്തിലൂടെ ജനത്തിരക്ക് നിയന്ത്രിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Related Articles

Back to top button