KeralaLatest

വൈഗയെ കൊലപ്പെടുത്തിയത് സനു മോഹന്‍ തനിച്ച്‌; കാരണം കടബാധ്യത മൂലമുള്ള ടെന്‍ഷന്‍

“Manju”

കൊച്ചി: മകൾ വൈഗയെ സനു മേഹന്‍ തനിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ്. കടബാധ്യത മൂലമുള്ള ടെന്‍ഷന്‍ ആണ് കൊലപാതകത്തിന് കാരണം. മൂന്നാമതൊരാള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ല. മകളെ ഉപേക്ഷിച്ചുപോകാതെ ആദ്യം അവളെ കൊലപ്പെടുത്തി മരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സനു മോഹന് ആത്മഹത്യ ചെയ്യാന്‍ കഴിഞ്ഞില്ല. പിടിക്കപ്പെടാതിരിക്കാന്‍ എല്ലാ തെളിവുകളും ഇല്ലാതാക്കിയാണ് ഇയാള്‍ മുങ്ങി നടന്നതെന്നും എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്‌ നാഗരാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സനു പലപ്പോഴും മൊഴി മാറ്റിപ്പറയുകയാണ്. അവയില്‍ പൊരുത്തക്കേടുകളുണ്ട്. കുറച്ചുകൂടി തെളിവ് ശേഖരിക്കണമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല. ഡിഎന്‍എ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്. ഫോണ്‍ സിഗ്‌നല്‍ പോലുള്ള ഡിജിറ്റല്‍ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാന്‍ ശ്രമിച്ചത്.

വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സനുവിനെതിരെ ലഭിച്ച ആദ്യ തെളിവ്. ഒരുപാട് സ്ഥലങ്ങള്‍ സഞ്ചരിച്ച ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിരവധി പേരെ ചോദ്യം ചെയ്തു. സനു രണ്ട് സംസ്ഥാനങ്ങള്‍ സഞ്ചരിച്ചിട്ടുണ്ട്. ഫ്‌ളാറ്റിലെ രക്തകറയുടെ പരിശോധന ഫലം കിട്ടിയിട്ടില്ല. 14 ദിവസം സനുവിനെ കസ്റ്റഡിയില്‍ വാങ്ങുമെന്നും കമ്മീഷണര്‍ അറിയിച്ചു.

സനു മോഹനെതിരെ കാണാതായി എന്ന പരാതി മാത്രമാണുള്ളത്.വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് റജിസ്റ്റര്‍ ചെയ്ത ശേഷമാകും അറസ്റ്റ്. കോയമ്ബത്തൂരില്‍ വിറ്റ സനുവിന്റെ കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ മാസം 22നാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലര്‍ച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്കു നീങ്ങുന്നതിനിടെയാണു കാര്‍വാറിലെ ബീച്ചില്‍ വച്ച്‌ ഇന്നലെ പൊലീസ് പിടികൂടിയത്.

Related Articles

Back to top button