IndiaKeralaLatest

കോവിഡ്; സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: വിദഗ്ധര്‍

“Manju”

ദില്ലി: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ച്‌ കുലുക്കിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,73,810 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 1619 പേര്‍ മരിച്ചതോടെ മരണസഖ്യയിലും റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. കോവിഡിന്‍റെ ആദ്യ തരംഗത്തില്‍ പിടിച്ച്‌ നിന്ന രാജ്യം രണ്ടാം തരഗത്തില്‍ പതറുന്ന കാഴ്ചയാണ് നിലവില്‍ കാണുന്നതെന്നാണ് ആരോഗ്യ രംഗത്ത് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രണ്ടാംതരംഗത്തില്‍ വര്‍ധിച്ച്‌ വരുന്ന കോവിഡ് കേസുകളില്‍ വലിയ ആശങ്കയും വിദഗ്ധര്‍ രേഖപ്പെടുത്തുന്നു. രോഗികളുടെ എണ്ണം 20000 ത്തില്‍ നിന്നും 40000 ത്തില്‍ എത്താന്‍ എട്ട് ദിവസമാണ് എടുത്തത്. 14 ദിവസം കൊണ്ട്‌അത് 80000 പിന്നിട്ടു. പിന്നീടുള്ള പത്ത് ദിവസത്തിനുള്ളിലാണ് രോഗികളുടെ എണ്ണം 160000 കടന്നത്. കാര്യങ്ങള്‍ ഈ നിലയില്‍ പോകുകയാണെങ്കില്‍ മെയ് പകുതിയോടെ പ്രതിദിനം 6,00,000 കേസുകളെങ്കിലും ഉണ്ടാവുമോയെന്നാണ് ആശങ്ക.
നിലവിലെ സാഹചര്യത്തില്‍ തന്നെ ആശുപത്രി കിടക്കകള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ എന്നിവയില്‍ വലിയ ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വീണ്ടും ക്രമാതീതമായി ഉയര്‍ന്നാല്‍ അത് സ്ഥിതി കൂടുതല്‍ വഷളാക്കും. രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്തായിരിക്കും വരാനിരിക്കുന്ന സാഹചര്യമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
രാജ്യവ്യാപക ലോക്ക് ഡൗണിലേക്ക് പോവില്ലെങ്കിലും പലം സംസ്ഥാനങ്ങളും ഇതിനോടകം തന്നെ നിയന്ത്രണം ശക്തമാക്കി തുടങ്ങി കഴിഞ്ഞു. വരാനിരിക്കുന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കഴിഞ്ഞ ലോക്ക്ഡൗണില്‍ നേരിട്ട പോലുള്ള ദുരനുഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടേക്കാം. അന്യസംസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തല്‍ പോലുള്ള തീരുമാനങ്ങള്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നതിന് മുമ്ബ് തന്നെ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
വാക്സിനുകളുടെ വിതരണം വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ കാലതാമസം നേരിട്ടിട്ടുണ്ട്. വിതരണം വര്‍ദ്ധിപ്പിക്കുന്നതിന് സാമ്ബത്തിക സഹായം ആവശ്യപ്പെടുന്ന ഒരു വാക്സിന്‍ നിര്‍മ്മാതാവിന്റെ ആഹ്വാനത്തോട് ഇതുവരെ കേന്ദ്രം പ്രതികരിച്ചിട്ട് പോലുമില്ല. മറ്റ് രാജ്യങ്ങളില്‍ ഇത്തരം സഹായങ്ങള്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. വാക്സിനുകളുടെ വില നിയന്ത്രണം എടുത്ത് കളയുകയോ അല്ലെങ്കില്‍ വിലയുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുയോ വേണം. നഷ്ടമില്ലാതെ കൂടുതല്‍ വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള സാഹചര്യം വാക്സിന്‍ നിര്‍മ്മാതാവിന് ഉണ്ടാക്കണം.

Related Articles

Back to top button