KeralaLatest

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണെങ്കിലും എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാകും പരീക്ഷകള്‍ നടത്തുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എസ്‌എസ്‌എല്‍സിക്ക് നാല് പരീക്ഷകളാണ് ഇനി നടത്താന്‍ ബാക്കിയുള്ളത്.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിച്ച്‌ പരീക്ഷ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന അധ്യാപക- അനധ്യാപക ജീവനക്കാര്‍ നിശ്ചയമായും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ഉപയോഗിക്കണം. വിദ്യാര്‍ഥികളും കഴിയുന്നതും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്നത് ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തണം. ഐ ആര്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച്‌ ശരീരോഷ്മാവ് പരിശോധിച്ചശേഷമേ വിദ്യാര്‍ഥികളെ സ്‌കൂള്‍ കമ്പൌണ്ടുകളിലേക്ക് പ്രവേശിപ്പിക്കാവൂ. സാനിറ്റൈസര്‍ / സോപ്പ് ലഭ്യത ഉറപ്പാക്കുകയും വേണം.

കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പ്രത്യേകമായി സ്വീകരിച്ച്‌ മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍, ക്വറന്റീനിലുള്ള വിദ്യാര്‍ഥികള്‍, ശരിരോഷ്മാവ് കൂടിയവര്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളില്‍ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ഉറപ്പാക്കേണ്ട ചുമതല പ്രധാനാധ്യാപകര്‍ക്കാണ്. പരീക്ഷ കഴിഞ്ഞാലുടന്‍ ഹാള്‍ സാനിറ്റൈസ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button