InternationalLatest

സൗദിഅറേബ്യയില്‍ ഇനി രാമായണവും, മഹാഭാരതവും പാഠ്യവിഷയങ്ങള്‍

“Manju”

റിയാദ് : ഭാരതത്തിന്റെ മഹത്തായ ഇതിഹാസങ്ങളെ പാഠ്യവിഷയങ്ങളാക്കി സൗദി അറേബ്യ. രാമായണവും , മഹാഭാരതവും സിലബസില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ടാണിത്.

വിദ്യാഭ്യാസ മേഖലയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘ വിഷന്‍ 2030 ‘ . വിവിധ രാജ്യങ്ങളെക്കുറിച്ചും, മറ്റ് രാജ്യങ്ങളുടെ ചരിത്രം, സംസ്കാരം എന്നിവയെ കുറിച്ചും പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാമായണവും മഹാഭാരതവും പാഠ്യവിഷയമാക്കുന്നത്.

ഇതിനൊപ്പം യോഗ, ആയുര്‍വേദം എന്നിവയില്‍ വിദ്യാര്‍ത്ഥികളുടെ അറിവും , ശ്രദ്ധയും വികസിപ്പിക്കുന്നതിനും ഈ പഠനം സഹായകമാകുമെന്നാണ് വിലയിരുത്തല്‍. രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തുന്നതിനു പുറമേ, വിഷന്‍ 2030 ല്‍ ഇംഗ്ലീഷ് ഭാഷയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയുടെ പുതിയ തീരുമാനത്തെ അംഗീകരിച്ച്‌ പല മാതാപിതാക്കളും രംഗത്ത് വന്നിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച്‌ ആശയക്കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ അത് തള്ളിക്കളയണമെന്ന് പദ്മശ്രീ ജേതാവും സൗദിയിലെ യോഗ അദ്ധ്യാപികയുമായ നൗഫ് അല്‍-മാര്‍വായ് ട്വീറ്റ് ചെയ്തു .

സൗദി അറേബ്യയുടെ വിഷന്‍ -2030, സിലബസില്‍ ഉള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ ഏറെ വിശാലമായ, സഹിഷ്ണുത പുലര്‍ത്തുന്ന ഒരു ഭാവി കെട്ടിപ്പടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നാണ് നൗഫ് അല്‍-മാര്‍വായ് തന്റെ മകന്റെ സിലബസിന്റെ സ്ക്രീന്‍ഷോട്ട് പങ്ക് വച്ചു കൊണ്ട് പറയുന്നത് .

ഇന്ന് എന്റെ മകന് പരീക്ഷയായിരുന്നു . ആ ബുക്കുകളില്‍ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍ അടങ്ങിയിരിക്കുന്നു. ഹിന്ദുമതം, ബുദ്ധമതം, രാമായണം, കര്‍മ്മം, മഹാഭാരതം, ധര്‍മ്മം എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഞാന്‍ വളരെ ആസ്വദിച്ചാണ് മകന്റെ പഠനത്തെ സഹായിക്കുന്നത് ‘ അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button