IndiaLatest

പ്രാണവായു ഇല്ല; പഞ്ചാബിലെ ആശുപത്രിയിലും കൂട്ട മരണം

“Manju”

ചണ്ഡിഗഢ്: ഡല്‍ഹിക്കു പിന്നാലെ പഞ്ചാബിലും ഓക്‌സിജന്‍ കിട്ടാതെ ആശുപത്രിയില്‍ കോവിഡ് രോഗികളുടെ കൂട്ടമരണം. അമൃത്സറിലെ നീല്‍കാന്ത് ആശുപത്രിയില്‍ ആറു പേരാണ് ഇന്നു രാവിലെ പ്രാണവായുവില്ലാതെ പിടഞ്ഞുമരിച്ചത്. ഓക്‌സിജന്‍ ഇല്ലാതെയാണ് മരണം സംഭവിച്ചതെന്ന് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു. ഓക്‌സിജന്‍ ആവശ്യത്തിന് ഇല്ലെന്ന് ഇന്നലെ രാത്രി തന്നെ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. സര്‍ക്കാരില്‍നിന്നു വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നും പകരം സംവിധാനത്തിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അധികൃതര്‍ പറഞ്ഞിരുന്നത്.

ഓക്‌സിജന്‍ തീരുകയാണെന്ന് പലവട്ടം ജില്ലാ അധികൃതരെ വിളിച്ചു പറഞ്ഞെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൊടുത്ത ശേഷമേ സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കൂ എന്നാണ് ജില്ലാ അധികൃതര്‍ അറിയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡല്‍ഹിയില്‍ ഇന്നലെ രാത്രി ഓക്‌സിജന്റെ കുറവു മൂലം ഇരുപതു രോഗികള്‍ മരിച്ചതായി ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഉണ്ടായ ദുരന്തത്തിനു ശേഷം അധികൃതര്‍ ജാഗ്രത തുടരുന്നതിനിടെയാണ്, നടുക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇരുപതു പേര്‍ മരിച്ചതായും ഇരുന്നൂറു പേരുടെ ജീവന്‍ അപകടത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അരമണിക്കൂര്‍ നേരത്തേക്കു മാത്രമാണ് ഓക്‌സിജന്‍ ശേഷിക്കുന്നതെന്നും ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരാണ് ഓക്‌സിജന്‍ കിട്ടാതെ പടഞ്ഞുമരിച്ചത്. ഇതിനു പിന്നാലെ ഓക്‌സിജന്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളെടുത്തിരുന്നു.

Related Articles

Back to top button