IndiaLatest

കോവിഡിനെ പിടിച്ചുകെട്ടാന്‍ കരുത്താര്‍ജ്ജിച്ച്‌ രാജ്യം

“Manju”

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആശ്വാസമേകി കേന്ദ്രത്തിന്റെ പ്രഖ്യാപനം. കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സീന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വാക്സീന്‍ വില കുറയ്ക്കണമെന്ന് മരുന്നുകമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്കാണ് വാക്സീനുകള്‍ കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില എന്ന നയം വലിയ പ്രതിഷേധമാണ് സംസ്ഥാനങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഉയര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കാനാകുമോ എന്ന് പരിശോധിക്കാന്‍ കേന്ദ്രം മരുന്നു കമ്പനികളോട് നിര്‍ദേശിക്കുന്നത്.
അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്കും 45 വയസ്സിന് മുകളിലുള്ളവര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും വാക്സീന്‍ നല്‍കുന്നത് സൗജന്യമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 18 മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് വാക്സീന്‍ സൗജന്യമായിരിക്കില്ലെന്നാണ് നിലവിലെ പ്രഖ്യാപനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സീനേഷന്‍ നടത്തേണ്ട ജനവിഭാഗമാണിത്. ഈ വാക്സിനേഷന്‍ ഘട്ടത്തില്‍ കൊള്ളവില ഈടാക്കിയാണ് മരുന്നു കമ്പനികള്‍ വാക്സീന്‍ വിതരണം ചെയ്യുന്നതെന്ന ആരോപണമാണ് ഉയരുന്നത്. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കൊവിഷീല്‍ഡ് ഡോസ് ഒന്നിന് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസൊന്നിന് 600 രൂപയ്ക്കും വാക്സീന്‍ നല്‍കാനാണ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവിഡ് വാക്സീന്‍ കൊവാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കിലാണ് നല്‍കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് 1200 രൂപ വരെയും, കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതല്‍ 20 വരെ ഡോളറുമാണ് വില.
ഒരേ വാക്സീന് പല വില ഏര്‍പ്പെടുത്തുന്ന നീക്കത്തിനെ പല സംസ്ഥാനങ്ങളും രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. ഇത് കൊള്ളലാഭമുണ്ടാക്കാനുള്ള സമയമല്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞത്. വാക്സീന് പല വില നിശ്ചയിച്ചതില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. സംസ്ഥാനം നേരിട്ട് വാക്സീന്‍ വാങ്ങിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും നി‍ര്‍മിക്കുന്നതിലെ 50% വാക്സീന്‍ മാത്രമേ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാരുകള്‍ക്കും വില്‍ക്കാവൂ എന്നും ബാക്കി പകുതി കേന്ദ്രസര്‍ക്കാരിന്റെ നിലവില്‍ തുടരുന്ന സൗജന്യവാക്സീന്‍ പദ്ധതിയിലേക്ക് നല്‍കണമെന്നുമാണ് കേന്ദ്രം നി‍ര്‍ദേശിച്ചിരിക്കുന്നത്.

Related Articles

Back to top button