IndiaKeralaLatest

കോവിഡ്; അമ്മയുടെ മൃതദേഹത്തിന് സമീപം ജലപാനമില്ലാതെ 18 മാസം പ്രായമായ ആണ്‍കുഞ്ഞ് കഴിഞ്ഞത് 2 ദിവസം

“Manju”

പുനെ: കഴിഞ്ഞദിവസം പൂനെയില്‍ കണ്ടത് ആരുടേയും ഹൃദയം തകരുന്ന കാഴ്ചയാണ്. അമ്മയുടെ മൃതദേഹത്തിന് സമീപം ഭക്ഷണമോ, വെള്ളമോ ഇല്ലാതെ 18 മാസം പ്രായമായ ആണ്‍കുഞ്ഞ് കഴിഞ്ഞത് രണ്ടു ദിവസത്തിലേറെ. കോവിഡ് ഭയന്ന് അടുക്കാന്‍ വിസമ്മതിച്ച്‌ അയല്‍ക്കാര്‍. ഒടുവില്‍ പൊലീസ് എത്തി ബിസ്‌കറ്റും പാലും നല്‍കി. പൂനെയിലെ പിംപ്രി ചിഞ്ച്വാഡ് മേഖലയില്‍ തിങ്കളാഴ്ചയാണ് സംഭവം. വാടകവീട്ടില്‍ കഴിയുകയായിരുന്നു അമ്മയും കുഞ്ഞുമടങ്ങിയ കുടുംബം. ഇതിനിടയില്‍ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തില്‍ അമ്മ മരണപ്പെട്ടു. എന്നാല്‍ കോവിഡ് ഭയം മൂലം സഹായത്തിന് ആരും തയാറായില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മൃതദേഹത്തിന്റെ ഗന്ധം രൂക്ഷമായതോടെ വീട്ടുടമ പിംപ്രി ചിഞ്ച്വാഡ് മേഖലയിലെ പൊലീസിനെ വിളിച്ചു മരണവിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസാണ് ഹൃദയഭേദകമായ കാഴ്ചയ്ക്ക് സാക്ഷിയായത്.

കോവിഡ് ബാധിക്കുമെന്ന് ഭയന്ന് മൃതദേഹത്തിന് സമീപം പോവാന്‍ ആരും തയാറായില്ല. സമീപവാസികള്‍ കുട്ടിയെ എടുക്കാന്‍ തയാറാകാതിരുന്നതോടെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ സുശീല ഗഭാലേയും രേഖ വാസെയുമാണ് കുട്ടിക്ക് പാല്‍ നല്‍കിയത്. ‘ആറും എട്ടും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ഞാന്‍. എന്റെ സ്വന്തം കുട്ടിയെപ്പോലെയാണ് എനിക്കപ്പോള്‍ തോന്നിയത്. കുട്ടി വളരെ വേഗത്തിലാണ് പാല്‍ കുടിച്ചത്. വല്ലാതെ വിശന്നിട്ടുണ്ടാവണം,’ സുശീല പറയുന്നു. കുഞ്ഞിന് ചെറിയ പനിയുള്ളതൊഴിച്ചാല്‍ മറ്റ് അസുഖങ്ങളൊന്നും തന്നെയില്ലെന്നും ഇവര്‍ പറയുന്നു.

അമ്മയുടെ പോസ്റ്റ്‌മോര്‍ടം ഫലം ഇനിയും പുറത്തുവന്നിട്ടില്ല. കോവിഡ് ബാധിച്ചിരുന്നോയെന്നും സ്ഥിരീകരിച്ചിട്ടില്ല. കുഞ്ഞിനു പാലും ബിസ്‌കറ്റും നല്‍കിയതിന് ശേഷം സമീപമുള്ള സര്‍കാര്‍ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ കൊണ്ടുപോയി. കുട്ടിയുടെ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് സര്‍കാര്‍ ശിശുഭവനത്തിലേക്ക് മാറ്റി.

കുട്ടിയുടെ പിതാവ് യു പിയില്‍ ജോലിക്ക് പോയതാണെന്നും അദ്ദേഹം നാട്ടിലെത്താന്‍ കാത്തിരിക്കുകയാണെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ജാധവ് പറഞ്ഞു.

Related Articles

Back to top button