IndiaKeralaLatest

തെരഞ്ഞെടുപ്പില്‍ ട്വന്റി 20 യ്ക്ക് ഒന്നും നേടാനായില്ല

“Manju”

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് വെല്ലുവിളിയാകുമെന്ന് അവകാശപ്പെട്ടെങ്കിലും ചലനം സൃഷ്ടിക്കാന്‍ പോലുമാകാതെ ട്വന്റി ട്വന്റി. എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ മത്സരരംഗത്തിറങ്ങിയ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാനായില്ല. ഏറെ പ്രതീക്ഷ വെച്ച കുന്നത്തുനാട്ടില്‍ ട്വന്റി ട്വന്‍റിക്ക് ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും ലീഡ് ഉയര്‍ത്താനായില്ല.
മത്സരിച്ച എട്ടില്‍ ആറ് മണ്ഡലങ്ങളിലും ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്താനായതാണ് ഏക ആശ്വാസം. എന്നാല്‍ ട്വന്‍്റി 20 പിടിച്ച വോട്ടുകള്‍ പലയിടത്തും യു ഡി എഫ് ന് തിരിച്ചടിയായി .
കുന്നത്തുനാട്, കൊച്ചി,കോതമംഗലം,പെരുമ്പാവൂര്‍,വൈപ്പിന്‍,മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തിയത്. എറണാകുളത്തും, തൃക്കാക്കരയിലും നാലാം സ്ഥാനം മാത്രമേ ലഭിച്ചുള്ളു. എന്നാല്‍ കൊച്ചിയിലും, കുന്നത്തു നാട്ടിലും എല്‍ഡിഎഫ് വിജയത്തിന് ട്വന്റി ട്വന്റി നേടിയ വോട്ടുകള്‍ നിര്‍ണായകമായി. 2815 ഓളം വോട്ടുകള്‍ക്ക് വി പി സജീന്ദ്രനെ പി വി ശ്രീനിജന്‍ തോല്‍പിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് ട്വന്റി ട്വന്റി നേടിയ 41,890 വോട്ട് നിര്‍ണ്ണായകമായി. അതേസമയം ട്വന്‍റി ട്വന്‍റിക്ക് കിഴക്കമ്ബലം,കുന്നത്തുനാട്,ഐക്കരനാട്,മഴുവന്നൂര്‍ തുടങ്ങി ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും പ്രതീക്ഷിച്ചത്ര വോട്ട് നേടാനായില്ല. തദ്ദേശതെരഞ്ഞെടുപ്പിനേക്കാള്‍ 2000 വോട്ട് 2020യുടെ ആസ്ഥാനമായ കിഴക്കമ്ബലത്ത് പോലും കുറഞ്ഞു.
കൊച്ചിയില്‍ ട്വന്റി ട്വന്റി 19,550 വോട്ട് നേടിയപ്പോള്‍ യുഡിഎഫിനുണ്ടായത് വലിയ തോല്‍വിയാണ്.
കോണ്‍ഗ്രസ്സിന്‍റെ ടോണി ചമ്മണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ജെ മാക്സിയോട് തോറ്റത് 14,079 വോട്ടുകള്‍ക്ക്. പെരുമ്ബാവൂരില്‍ ട്വന്‍റി ട്വന്‍റി 17,994 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി യുടെ ഭൂരിപക്ഷം 2624 വോട്ടായി ചുരുങ്ങി. കോതമംഗലത്തും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി 7978വോട്ട് നേടിയപ്പോള്‍ 6605 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റു.
തൃക്കാക്കരയിലും,എറണാകുളത്തും നാലാം സ്ഥാനത്താണെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം ഗണ്യമായി കുറക്കാന്‍ ട്വന്റി ട്വന്റിക്കായി എന്നത് മാത്രമാണ് ഈ തെരഞ്ഞെടുപ്പിലെ 20 20 യുടെ സംഭാവന.

Related Articles

Back to top button