IndiaKeralaLatest

ക്രൂരൻ ‘കൊവിഡ് രണ്ടാമന്‍’ :അറിയേണ്ടത് എന്തെല്ലാം

“Manju”

ആലപ്പുഴ: കൊവിഡ് രണ്ടാംതരംഗം പ്രതിദിനം തീവ്രമാകവേ, പ്രതിരോധം കടുപ്പിച്ചില്ലെങ്കില്‍ ഫലം പ്രവചനാതീതമാവും. സര്‍ക്കാരും ജില്ലാ ഭരണകൂടവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നുണ്ടെങ്കിലും കൊവിഡ് നിയന്ത്രണവിധേയമാകുന്നില്ല. ഈ ഘട്ടത്തില്‍ കൊവിഡിനെ പൊരുതി തോല്‍പ്പിക്കാന്‍ ജാഗ്രത മാത്രമാണ് പ്രതിവിധി. ജനിതക മാറ്റം വന്ന വൈറസ് നിസാരക്കാരനല്ലെന്ന് അടിവരയിട്ട് പറയുകയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ.സൈറു ഫിലിപ്പ്.
 പകരുന്ന വിധം
ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും വായില്‍ നിന്നു പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടാകും. വായും മൂക്കും മൂടാതെ തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും ഇവ വായുവിലേക്ക് പടരുകയും സമീപത്തുള്ളവരിലേക്ക് പ്രവേശിക്കുകയും ചെയ്യും. വൈറസിന്റെ സാന്നിദ്ധ്യമുള്ളയാളെ സ്പര്‍ശിക്കുമ്ബോഴും ഹസ്തദാനം നല്‍കുമ്ബോഴും രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച്‌ പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലും രോഗം പടരും. വൈറസ് രണ്ടുദിവസം വരെ നശിക്കാതെ നില്‍ക്കും.
 കൊവിഡ് സ്ഥിരീകരിച്ചാല്‍
ഒരാള്‍ കൊവിഡ് ബാധിതനെന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം. ആരുമായും സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടാതെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സൗകര്യമുണ്ടെങ്കില്‍ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാം. ശുചിമുറി സൗകര്യമുള്ള മുറി, അസുഖമില്ലാത്തതും ആരോഗ്യമുള്ളതുമായ ഒരു സഹായി, ബുദ്ധിമുട്ട് എന്തെങ്കിലും തോന്നിയാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാനുള്ള സംവിധാനം, വേഗത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സാഹചര്യം എന്നിവ കൊവിഡ് രോഗബാധിതര്‍ക്ക് ആവശ്യമായ ഘടകങ്ങളാണ്. എ.സി മുറി ഒഴിവാക്കണം. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. പള്‍സ് ഓക്സി മീറ്റര്‍ വീട്ടില്‍ കരുതണം. പള്‍സ് ഓക്സി മീറ്ററില്‍ കാണിക്കുന്ന ഓക്സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കില്‍ കുറിച്ച്‌ വയ്ക്കാം. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നത് കൊവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കും. അതിനാല്‍ പള്‍സ് ഓക്സീമീറ്റര്‍ കൊണ്ട് ദിവസവും രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കണം.
 വീടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കണം. വീട്ടിലെ മറ്റ് അംഗങ്ങളുമായി (വാകിസ്നെടുത്തവരാണെങ്കിലും) സമ്ബര്‍ക്കം പാടില്ല. അത്യാവശ്യഘട്ടത്തില്‍ വിളിക്കാനായി വാഹനസൗകര്യം നേരത്തേ ഏര്‍പ്പെടുത്തണം. സ്ഥിരമായി കഴിക്കുന്ന മറ്റ് മരുന്നുകള്‍ മുടക്കരുത്. സംശയങ്ങള്‍ക്ക് ദിശയുടെ നമ്ബറായ 1056ല്‍ ബന്ധപ്പെടണം.

Related Articles

Back to top button