KeralaLatest

പോലീസ് നിയന്ത്രണങ്ങള്‍ പാളുന്നു

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ സെമി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാളുന്നു. ജില്ലയിലെ പ്രധാന ജംങ്ഷനുകളില്‍ വന്‍ തിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. വാഹന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രം യാത്രയ്ക്ക് അനുവദിച്ചുള്ളു. ആദ്യദിനത്തില്‍ പ്രധാന ജംങ്ഷനുകളില്‍ മാത്രമായിരുന്നു പരിശോധനയെങ്കില്‍ ഇന്നലെ ചിത്രം മാറി. നഗര-ഗ്രാമ മേഖലകളില്‍ തൊട്ടടുത്ത പോയിന്റുകളില്‍ വാഹന പരിശോധന നടത്തി.

തിരക്കേറിയതിന് പുറമെ പോലീസിന്റെ അശാസ്ത്രീയ പരിശോധന കൂടിയായതോടെ ഒട്ടുമിക്ക ഇടങ്ങളിലും വന്‍ ഗതാഗതകുരുക്കുണ്ടായി. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ ബാക്കിയുള്ളവ അടഞ്ഞു കിടക്കുകയാണെങ്കിലും നിരത്തില്‍ വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ കാര്യമായ കുറവില്ലായിരുന്നു. നൂറ് കണക്കിന് വാഹനങ്ങള്‍ വരുന്ന ജംങ്ഷനുകളില്‍ പത്തില്‍താഴെ പോലീസിനെ വച്ച്‌ എല്ലാവണ്ടിയും തടഞ്ഞ് പരിശോധിച്ചതാണ് ഗതാഗതകുരുക്കിന് കാരണമായത്. പാപ്പനംകോട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പോലീസ് പരിശോധനകാരണം കിലോമീറ്ററോളം ദൂരങ്ങളിലാണ് വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ടത്.

യാത്ര പോകുന്നവരോട് എങ്ങോട്ട് പോകുന്നുവെന്ന് ചോദിച്ച്‌ യാത്ര ഉദേശ്യം മനസിലാക്കും. രേഖകള്‍ ആവശ്യപ്പെടും. പേരും ഫോണ്‍ നമ്പറും വാഹന നമ്പറും ബുക്കില്‍ രേഖപ്പെടുത്തും. യാത്ര രേഖ എല്ലാം ശരിയാണെങ്കില്‍ തുടര്‍ യാത്രയ്ക്ക് അനുവദിക്കും. അല്ലാത്തവരെ തിരിച്ചയക്കും. നിയന്ത്രണലംഘനം കാണിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും, പിഴഇടാക്കും. ഓരോ വാഹനത്തിനുമുള്ള പോലീസിന്റെ നടപടിക്രമം പൂര്‍ത്തിയാക്കുമ്പോള്‍ ഗതാഗത കുരുക്കിന്റെ നീളം വീണ്ടും വര്‍ദ്ധിക്കും. ഇത് യാത്രികരെ ഏറെ വലച്ചു.

നഗരരാതിര്‍ത്തിയായ കുണ്ടമണ്‍കടവ്, മങ്കാട്ട്കടവ്, തിരുമല, തമ്പാനൂര്‍, പൂജപ്പുര, ജഗതി, പേട്ട, ഇടപ്പഴിഞ്ഞി, പാപ്പനംകോട്, പേരൂര്‍ക്കട, വഴയില, കഴക്കൂട്ടം, പിഎംജി, ബൈപാസ് തുടങ്ങിയ സ്ഥലങ്ങളില്‍ ബാരിക്കേടും വടംവലിച്ചുകെട്ടിയുമാണ് പരിശോധനകള്‍ തുടര്‍ന്നത്. പാപ്പനംകോട് ഭാഗത്ത് കയര്‍ കെട്ടി വാഹനം തടഞ്ഞായിരുന്നു പരിശോധന. ഇത് മൂലം വാഹനങ്ങളുടെ നിര നീണ്ടു. ഓഫിസ് സമയത്തായിരുന്നു വാഹനപ്പെരുപ്പം ഉണ്ടായത്. നിയന്ത്രണങ്ങള്‍ പാലിച്ച്‌ ആശുപത്രിയിലും ഓഫീസുകളിലും പോകാനെത്തിയവരടക്കം വലഞ്ഞു. നിത്യജീവിതത്തിനായി തൊഴില്‍ ചെയ്യാന്‍ ഇറങ്ങുന്നവരെയാണ് നിയന്ത്രണങ്ങള്‍ ഏറ്റവും ബാധിക്കുന്നത്. പോലീസ് പരിശോധനയില്‍ പെടുന്നതില്‍ ഏറെയും ഇരുചക്രവാഹനക്കാരാണ്. എന്നാല്‍ കാര്‍ യാത്രികരെയും ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കി.

എആര്‍, എസ്‌എപി ക്യാമ്പുകളിലെ പോലീസുകാര്‍, ലോക്കല്‍ സ്‌റ്റേഷന്‍ പോലീസുകാര്‍, സ്‌പെഷല്‍ യൂണിറ്റുകളില്‍ നിന്നുള്ള പോലീസുകാര്‍ എന്നിവരെയാണ് കോവിഡ് പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. വാഹന പരിശോധനയ്ക്ക് പുറമേ കടകളിലും ചന്തകളിലും പോലീസ് പരിശോധിച്ചു. സാമൂഹിക അകലം പാലിക്കാത്തവരെ താക്കീത് ചെയ്തു. പരിശോധന വരും ദിവസങ്ങളിലും തുടരും. സെമി ലോക്ഡൗണ്‍ എന്ന നിയന്ത്രണം പാളുന്നതും അതിനൊപ്പം രോഗവ്യാപനം തീവ്രമാകുമെന്ന മുന്നറിയിപ്പും സമ്പൂര്‍ണ അടച്ചിടലിന്റെ സാധ്യത വര്‍ധിപ്പിക്കുകയാണ്. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം വിലയിരുത്തി.

Related Articles

Back to top button