IndiaLatest

വേഷം മാറി പോലീസ് സ്‌റ്റേഷനുകളിൽ പരിശോധന നടത്തി കമ്മീഷണറും എസിപിയും

“Manju”

മുംബൈ : വേഷം മാറി പോലീസ് സ്‌റ്റേഷനുകളിലെത്തി പരിശോധന നടത്തി പോലീസ് കമ്മീഷണർ. പൂനെ പോലീസ് കമ്മീഷണറായ കൃഷ്ണപ്രകാശാണ് ഇത്തരത്തിൽ പോലീസ് സ്‌റ്റേഷനുകളിൽ വേഷം മാറിയെത്തി പരിശോധന നടത്തിയത്. ഭാര്യയായി അസി. കമ്മീഷണർ പ്രേർണ കാട്ടെയും എത്തിയിരുന്നു. സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം വിലയിരുത്താനാണ് ഇവർ ഇത് ചെയ്തത്. എന്നാൽ മിക്ക സ്റ്റേഷനുകളിലേയും പോലീസുകാരുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

പഠാൻ വേഷത്തിലാണ് കമ്മീഷണർ തന്റെ പരിധിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പരിശോധന നടത്തിയത്. നീണ്ട താടിയും കുർത്തയും ധരിച്ച് ആർക്കും മനസിലാക്കാൻ കഴിയാത്ത രീതിയിലാണ് വേഷം മാറിയെത്തിയത്. കൂടെ ഭാര്യയായി അസി. കമ്മീഷണറും. വ്യത്യസ്ത പരാതികളുമായാണ് ഇവർ പോലീസ് സ്‌റ്റേഷനുകളെ സമീപിച്ചത്.

ഭാര്യയെ സാമൂഹികവിരുദ്ധർ ആക്രമിച്ചെന്നും റോഡിൽവെച്ച് പടക്കം പൊട്ടിച്ചെന്നും പറഞ്ഞാണ് ഇരുവരും ഹിഞ്ചേവാഡി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. വാകാഡ് പോലീസ് സ്‌റ്റേഷനിൽ ഭാര്യയുടെ മാല പൊട്ടിച്ചെന്നും പരാതി അറിയിച്ചു. എന്നാൽ പിംപ്രി-ചിഞ്ച്വാദ് പോലീസ് സ്‌റ്റേഷനിൽ കൊറോണ രോഗിയിൽ നിന്ന് ആംബുലൻസുകാർ അമിത വാടക ഇടാക്കിയെന്നാണ് പരാതി നൽകിയത്. പക്ഷേ ഇവിടെയുള്ള പോലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയായിരുന്നു.

ആംബുലൻസുകാർ അമിത വാടക വാങ്ങിയതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നായിരുന്നു പോലീസുകാരുടെ മറുപടി. പരാതിക്കാരോടുള്ള പെരുമാറ്റത്തിലും അപാകതകളുണ്ടായിരുന്നു. തുടർന്ന് പോലീസ് കമ്മീഷണറാണെന്ന് വെളിപ്പെടുത്തിയ കൃഷ്ണപ്രകാശ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ഡിവിഷണൽ അസി. കമ്മീഷണറെയാണ് നിയോഗിച്ചിരിക്കുന്നത്. സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

Related Articles

Back to top button