IndiaLatest

എംജിയിൽ ബിരുദത്തിന് 5706 സീറ്റിൽ ആളില്ല

“Manju”

കോട്ടയം ; എംജി സർവകലാശാലയുടെ കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് എയ്ഡഡ് കോളജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളുടെ പ്രവേശനം പൂർത്തിയായപ്പോൾ 5706 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ഒഴിവുകളേറെയും.

സർവകലാശാലയ്ക്കു കീഴിൽ 5 ജില്ലകളിലെ കോളജുകളിൽ 16,358 സീറ്റുകളാണ് ആകെയുള്ളത്. ഇതിൽ 51 കോളജുകളിലാണു സീറ്റുകൾ ബാക്കിയുള്ളത്. കോട്ടയത്താണ് കൂടുതൽ സീറ്റൊഴിവ് – 20 കോളജുകളിലായി 2675. മറ്റു ജില്ലകളിലെ ഒഴിവുകളുടെ എണ്ണം: കൊച്ചി – 1017, പത്തനംതിട്ട– 1158, ഇടുക്കി – 747. ഒരു കോളജ് മാത്രമുള്ള ആലപ്പുഴയിലും 109 സീറ്റ് മിച്ചമാണ്. സെൽഫ് ഫിനാൻസിങ് ബിരുദ കോഴ്സുകളും ഈ പട്ടികയിൽ ഉൾപ്പെടും.

വിദ്യാർഥികൾ ഉന്നതപഠനത്തിനായി കേരളത്തിനു പുറത്തേക്കും വിദേശരാജ്യങ്ങളിലേക്കും പോകുന്നതാണു സീറ്റൊഴിവിനു പ്രധാന കാരണമെന്നാണു സിൻഡിക്കറ്റ് – സെനറ്റ് യോഗത്തിന്റെ വിലയിരുത്തൽ. ബിരുദ കോഴ്സുകൾക്കു പ്രവേശനം നേടിയവർ മെഡിക്കൽ, എൻജിനീയറിങ് തുടങ്ങിയ കോഴ്സുകളിലേക്കു മാറുകയും പ്രവേശനസമയം കഴിഞ്ഞെന്ന കാരണത്താൽ മറ്റു വിദ്യാർഥികൾക്ക് ഈ ഒഴിവുകളിലേക്കു പ്രവേശനം നിഷേധിക്കുകയും ചെയ്തതും തിരിച്ചടിയായി. ബിരുദാനന്തരബിരുദ കോഴ്സുകളിലും എയ്ഡഡ് കോളജുകളിൽ 1263 സീറ്റുകൾ ഒഴിവുണ്ട്.

Related Articles

Back to top button