KeralaLatest

കേന്ദ്രമന്ത്രിമാര്‍ ഡോ.വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ചു

ഡോ.വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച്‌ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി

“Manju”

 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച്‌ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും. ഡോ.വന്ദനാ ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വീട്ടില്‍ വൈകുന്നേരം ആറുമണിയോടെയായിരുന്നു സന്ദര്‍ശനം. ഡോക്ടറുടെ മാതാപിതാക്കളായ ജി. മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരു കേന്ദ്രമന്ത്രിമാരും ചെലവഴിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. വീടിനു സമീപം നിര്‍മിച്ച വന്ദനയുടെ അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണു കേന്ദ്രമന്ത്രിമാര്‍ മടങ്ങിയത്.ഈ മാസം 10നാണ് പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റ് ഡോ.വന്ദന കൊല്ലപ്പെടുന്നത്. ശ്വാസകോശത്തില്‍ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവാണ് വന്ദനയുടെ മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ഡോ. വന്ദനയുടെ ശരീരത്തില്‍ 17 മുറിവുകള്‍ ഉണ്ടായിരുന്നതായും ഇതില്‍ 4 മുറിവുകള്‍ ആഴത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.ഡോ. വന്ദനാ ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാല്‍ നല്‍കിയ ഹരജി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്റ്റിസ്ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് പരിഗണിച്ചത്.മെയ് പത്തിന് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെയാണ് വന്ദന ദാസിനെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണം, എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് സംരക്ഷണം നല്‍കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം എന്നീ ആവശ്യങ്ങള്‍ ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

 

Related Articles

Back to top button