Latest

പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗം; ശ്രദ്ധിക്കേണ്ടവ

“Manju”

കോവിഡ് വ്യാപനം രൂക്ഷമായതോടെ രക്തത്തിലെ ഓക്‌സിജന്‍ നില അറിയാന്‍ ജനങ്ങള്‍ സ്വ്ന്തമായി പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുന്നതു വ്യാപകമായിട്ടുണ്ട്. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച്‌ ചില നിര്‍ദേശങ്ങളാണ് ഈ കുറിപ്പില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍ ഷീജ നല്‍കുന്നത്.

ഗൃഹചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ദിവസവും പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച്‌ രക്തത്തിലെ ഓക്‌സിജന്‍ ലെവലും പള്‍സ് റേറ്റും എഴുതി സൂക്ഷിക്കണം. രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ നോക്കാന്‍ അഞ്ച് മിനിറ്റ് വിശ്രമിച്ച ശേഷം ഏതെങ്കിലും ഒരു കൈയിലെ ചൂണ്ടുവിരലില്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഘടിപ്പിക്കുക. ഓക്‌സിജന്റെ അളവും പള്‍സ് റേറ്റും നോക്കി രേഖപ്പെടുത്തി വയ്ക്കുക. ഓക്‌സിജന്റെ അളവ് 94ശതമാനത്തില്‍ കുറവാണെങ്കില്‍ 15 മിനിട്ടിനുശേഷം വീണ്ടും ആവര്‍ത്തിക്കുക. തുടര്‍ച്ചയായി 94ല്‍ കുറവാണെങ്കിലും ഹൃദയമിടിപ്പ് 95ല്‍ അധികമാണെങ്കിലും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക.

രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ആരോഗ്യപ്രലര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഗൃഹചികിത്സയ്ക്ക് പരിഗണിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 12802 രോഗികളുള്ളതില്‍ 11185 പേരും ഗൃഹ ചികിത്സയിലാണുള്ളത്. ഈ സാഹചര്യത്തിൽ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ആരോഗ്യപ്രലര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.

രോഗം സ്ഥിരീകരിച്ച വ്യക്തികളുടെ സൗകര്യം ഉറപ്പാക്കിയതിനുശേഷം മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് രോഗബാധിതരായ വ്യക്തികളെ ഗൃഹചികിത്സയിലിരുത്തുന്നത്. ഗൃഹചികിത്സയിലുള്ള രോഗബാധിതര്‍ താമസിക്കുന്ന വീടുകളില്‍ നിന്നും 60 വയസിന് മുകളില്‍ പ്രായമുള്ളവരെയും, ഗുരുതര രോഗം ബാധിച്ചവരെയും പത്തു വയസിനു താഴെയുള്ള കുട്ടികളെയും മാറ്റി താമസിപ്പിക്കേണ്ടതാണ.് അതിനുള്ള സാഹചര്യം ഇല്ലെങ്കില്‍ രോഗിയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നും ഇവരെ ഒഴിച്ചു നിര്‍ത്തണം.

അത്യാവശ്യഘട്ടത്തില്‍ വീട്ടിലേക്ക് വാഹനമെത്താനുള്ള വഴി, മൊബൈല്‍ ഫോണ്‍ സൗകര്യം, അറ്റാച്ച്‌ഡ് ബാത്ത്‌റൂം ഉള്ള പ്രത്യേക മുറിയോ, രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന ശുചിമുറിയോ ഉണ്ടായിരിക്കണം. വീട്ടില്‍ കഴിയുന്ന രോഗികള്‍ സമീകൃതാഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. നന്നായി വിശ്രമിക്കണം, ദിവസവും ഏഴ്‌എട്ട് മണിക്കൂര്‍ ഉറങ്ങണം. വീടുകളില്‍ ഒരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കാന്‍ പാടില്ല. അപകട സൂചനകളായ ശ്വാസതടസം, നെഞ്ചുവേദന, മയക്കം, മൂക്കില്‍ നിന്നും രക്തം, അതിയായ ക്ഷീണം, രക്ത സമ്മര്‍ദ്ദം കുറഞ്ഞ് മോഹാലസ്യം, കിതപ്പ് ഇവ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെയോ, ഡോക്ടറെയോ വിവരം അറിയിക്കുക.

വീടുകളില്‍ വ്യക്തി ശുചിത്വം പാലിക്കണം. നിത്യോപയോഗ സാധനങ്ങള്‍, വീട്ടിലെ മറ്റു വസ്തുക്കള്‍ എന്നിവ പങ്കിടരുത്. വീടുകളിലെ ഒത്തു ചേരലുകള്‍ ഒഴിവാക്കണം. എല്ലാവരും മൂന്നു ലയറുള്ള മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകണം. സ്ഥിരമായി സ്പര്‍ശിക്കുന്ന പ്രതലങ്ങളില്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച്‌ അണുവിമുക്തമാക്കണം. ജൈവമാലിന്യങ്ങള്‍ മണ്ണില്‍ കുഴിച്ചിടുക. അജൈവ മാലിന്യങ്ങള്‍ സുരക്ഷിതമായി കത്തിച്ചുകളയുക.

ഗൃഹ ചികിത്സയിലുള്ള രോഗബാധിതര്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഫോണ്‍ വിളികളോട് കൃത്യമായി പ്രതികരിക്കുകയും അവരുമായി സഹകരിക്കുകയും വേണം. ഗൃഹചികിത്സയിലുള്ള രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ അതത് പ്രദേശത്തെ ആരോഗ്യ കേന്ദ്രവുമായോ പഞ്ചായത്ത് തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകളുമായോ വാര്‍ഡ്തല ആര്‍.ആര്‍.ടിയുമായോ ജില്ലാ കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെടാം.

Related Articles

Back to top button