Entertainment

കൊവിഡ് വ്യാപനം: ചതുർമുഖത്തിന്റെ പ്രദർശനം പിൻവലിച്ചു

“Manju”

തിരുവനന്തപുരം: മഞ്ജു വാര്യർ- സണ്ണിവെയിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ചതുർമുഖത്തിന്റെ പ്രദർശനം താത്കാലികമായി നിർത്തിവച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ പ്രദർശനം നിർത്തിവെച്ചത്. മഞ്ജു വാര്യരാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

കൊറോണയ്‌ക്കെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നതിനാലാണ് പ്രദർശനം നിർത്തിയത്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങൾ സുരക്ഷിതവും ആവുന്ന സാഹചര്യത്തിൽ ചതുർമുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കുമെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

രഞ്ജിത്ത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ടെക്‌നോ ഹൊറർ ചിത്രമാണ് ചതുർമുഖം. ഏപ്രിൽ എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്. മഞ്ജു വാര്യരും സണ്ണി വെയ്‌നും അലൻസിയറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരേ,
ചതുർമുഖം റിലീസ് ആയ അന്ന് മുതൽ നിങ്ങൾ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരിൽ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുർമുഖം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടിൽ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുർമുഖം കേരളത്തിലെ തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങൾ സുരക്ഷിതവുമാവുന്ന സാഹചര്യത്തിൽ ചതുർമുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.
സർക്കാർ നിഷ്‌ക്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുക, സുരക്ഷിതരായിരിക്കുക.
സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യർ.

 

Related Articles

Back to top button