KeralaLatestThrissur

യുവതിയുടെ മൃതദേഹം കണ്ട് കുഴഞ്ഞുവീണ് അമ്മയും മരിച്ചു

“Manju”

 

തൃശൂർ: കാറ്റിലും മഴയിലും വൈദ്യുതി തടസം നേരിട്ടതോടെ ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തിക്കാതായി യുവതി മരിച്ചു. മകളുടെ വേർപാടിൽ മനംനൊന്ത് അധികം വൈകാതെ അമ്മയും മരിച്ചു. തൃശൂർ മതിലകത്താണ് ദാരുണ സംഭവം ഉണ്ടായത്. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണൻറെ ഭാര്യ പ്രീതി (49), മകൾ ഉണ്ണിമായ (27) എന്നിവരാണ് ഒരേ രാത്രിയിൽ അടുത്തടുത്ത് മരിച്ചത്.
ഹൃദയവാൽവ് സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഉണ്ണിമായ. കാട്ടൂർ പൊഞ്ഞനം കോമരത്ത് ലാലിൻറെ ഭാര്യയായ ഉണ്ണിമായ്ക്ക് ഇടക്കിടെയുണ്ടാകുന്ന ശ്വാസതടസത്തിൽനിന്ന് ആശ്വാസമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ വീട്ടിൽ ഉപയോഗിച്ചിരുന്നത്.
എന്നാൽ വെള്ളിയാഴ്ച രാത്രി 11.30ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു. ഇതോടെ ഓക്സിജൻ കോൺസൻട്രേഷൻ പ്രവർത്തനം നിലയ്ക്കുകയും, ഉണ്ണിമായ അവശനിലയിൽ ആകുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് ആംബുലൻസ് വരുത്തി സി. കെ. വളവ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഉണ്ണിമായയുടെ ജീവൻ രക്ഷിക്കാനായില്ല.
മകളുടെ മരണ വിവരം അറിയിക്കാതെ കൂടെയുണ്ടായിരുന്ന സമീപവാസികൾ പ്രീതിയെ മകളുടെ ഭർതൃഗൃഹത്തിൽ എത്തിച്ചു. ഇതിന് പിന്നാലെ ഉണ്ണിമായയുടെ മൃത ശരീരവും ആംബുലൻസിൽ അവിടേക്കു കൊണ്ടുവന്നു. മകളുടെ മൃതദേഹം ആംബുലൻസിൽനിന്ന് ഇറക്കുന്നത് കണ്ട് പ്രീതി കുഴഞ്ഞു വീഴുകയായിരുന്നു. പ്രീതിയെ അതേ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Related Articles

Back to top button