IndiaKeralaLatest

21 മന്ത്രിമാരുമായി രണ്ടാം പിണറായി സർക്കാർ

“Manju”

തിരുവനന്തപുരം: ഇടതു സർക്കാരിൻ്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പൂർത്തിയായി. ഘടകകക്ഷികളിൽ എൽജെഡി ഒഴികെയുള്ളവർക്കെല്ലാം പ്രാതിനിധ്യം നൽകി മന്ത്രിസഭാ രൂപീകരണത്തിനാണ് സിപിഎം തീരുമാനം. ഇതിന്റെ ഭാഗമായി ഒറ്റ എംഎൽഎമാരുള്ള നാലുകക്ഷികൾ മന്ത്രിസ്ഥാനം പങ്കിടും.
കേരളാ കോൺഗ്രസ് എമ്മിന് ഒരുമന്ത്രിസ്ഥാനത്തിന് പുറമെ ചീഫ് വിപ്പ് പദവിയും നൽകും. എൽജെഡിക്ക് പിന്നീട് അർഹമായ പദവി നൽകാമെന്ന് ഉറപ്പ് നൽകി
ഇന്ന് ഘടകകക്ഷികളുമായി സിപിഎം നടത്തിയ ചർച്ചകളിലാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ ഘടന സംബന്ധിച്ച് ധാരണയായത്. ചെറുപാർട്ടികളെ ഉൾപ്പെടെ പരിഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. ഇതോടെ പതിവിന് വിപരീതമായി ഇത്തവണത്തെ എൽഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 21 ആയി ഉയരും.
ഒരുമന്ത്രിസ്ഥാനം വിട്ടുനൽകുന്ന സിപിഎമ്മിന് 12 മന്ത്രിമാരും സ്പീക്കറും ഉണ്ടാകും. സിപിഐയ്ക്ക് നാലുമന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും ലഭിക്കും.
കേരളാ കോൺഗ്രസ് എമ്മിന് ഒരു മന്ത്രിയും സിപിഐ വിട്ടുനൽകിയ ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയും നൽകും. രണ്ട് മന്ത്രിസ്ഥാനമെന്ന പാർട്ടിയുടെ ആവശ്യം അംഗീകരിച്ചില്ല.ജനതാദൾ എസ്, എൻസിപി എന്നിവരുടെ മന്ത്രിമാരെ സംബന്ധിച്ച് തീരുമാനത്തിലെത്താൻ സിപിഎം നിർദേശം നൽകി. രണ്ട് എംഎൽഎമാർ വീതമുള്ള ഇരുവർക്കും ഓരോ മന്ത്രിമാരാണ് ഉള്ളത്. വരുംദിവസങ്ങളിൽ ചേരുന്ന പാർട്ടി നേതൃയോഗങ്ങളിൽ മന്ത്രിമാരെ നിശ്ചയിക്കും.
കേരളാ കോൺഗ്രസ് ബി, കേരളാ കോൺഗ്രസ് എസ്, ജനാധിപത്യ കേരളാ കോൺഗ്രസ്, ഐഎൻഎൽ എന്നിവരെ ഒഴിവാക്കാനാകില്ലെന്ന വിലയിരുത്തലിലാണ് മന്ത്രിസ്ഥാനം പങ്കിടാമെന്ന നിർദേശം സിപിഐഎം മുന്നോട്ട് വച്ചത്. ഇതോടെ ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, ആന്റണി രാജു, അഹമ്മദ് ദേവർ കോവിൽ എന്നിവർക്ക് രണ്ടര വർഷം വീതം മന്ത്രിപദം ലഭിക്കും. എന്നാൽ ഈ നിർദേശം ചെറുപാർട്ടികൾ അംഗീകരിച്ചിട്ടില്ല. ഒറ്റയംഗങ്ങളുള്ള പാർട്ടികളിൽ എൽജെഡിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകില്ല. സർക്കാർ അധികാരത്തിൽ വന്നശേഷം എൽജെഡിക്ക് മറ്റ് പദവി നൽകും. നാളെ ചേരുന്ന ഇടതുമുന്നണിയോഗത്തിൽ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തീരുമാനം ഒദ്യോഗികമായി വിശദീകരിക്കും.
സിപിഎം, സിപിഐ പാർട്ടികളുടെ മന്ത്രിമാരെ ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനിക്കും. 20ന് സെൻട്രൽ സ്റ്റേറ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Back to top button