IndiaKeralaLatest

ചെറിയ രോഗലക്ഷണങ്ങളെ അവഗണിക്കരുത്; യുവാക്കളോട് ആരോഗ്യവിദഗ്ധർ

“Manju”

 

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം വ്യാപകമാകുമ്പോൾ ചെറുപ്പക്കാർക്കു മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. കോവിഡ് കാലത്തുണ്ടാകുന്ന ചെറിയ രോഗലക്ഷണങ്ങളെ അവഗണിക്കരുതെന്നും, അലക്ഷ്യമായി രോഗത്തെ കൈകാര്യം ചെയ്യുന്നത് ഗുരുതരാവസ്ഥയിലേക്കു നയിക്കുമെന്നുമാണ് മുന്നറിയിപ്പ്. കോവിഡ് രണ്ടാം തരംഗത്തിൽ രോഗം കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നതനുസരിച്ച് ചെറുപ്പക്കാരിലെ മരണനിരക്കും വർധിക്കുകയാണ്.
ചെറുപ്പക്കാർക്കിടയിലെ തെറ്റിദ്ധാരണ രോഗം ഗുരുതരമാകുന്നതിനു കാരണമാകുന്നുണ്ടെന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ.ആർ.അരവിന്ദ് പറയുന്നു. മുൻകരുതൽ എടുക്കാതെ, ആശുപത്രിയിലേക്കു താമസിച്ചു വരുന്നതിനാലാണ് ചെറുപ്പക്കാർക്കിടയിൽ മരണം സംഭവിക്കുന്നത്. കോവിഡിന്റെ ആദ്യ തരംഗത്തിൽ ഒന്നും സംഭവിച്ചില്ല എന്ന ആത്മവിശ്വാസം ചെറുപ്പക്കാർക്കിടയിലുള്ളതും പ്രശ്നമാകുന്നുണ്ട്. ഒന്നാംഘട്ടത്തേക്കാൾ തീവ്രമാണ് ഇപ്പോൾ രോഗവ്യാപനം.
‘ചെറുപ്പക്കാർക്കിടയിലെ തെറ്റായ ധാരണ കോവിഡ് ബാധിക്കില്ലെന്നും തീവ്രമാകില്ലെന്നുമാണ്. 98 ശതമാനം ചെറുപ്പക്കാർക്കും ബാധിക്കണമെന്നില്ല. പക്ഷേ ശേഷിക്കുന്ന രണ്ടു ശതമാനം ഇപ്പോൾ കൂടുതലാണ്. 100 പേരിൽ 2 ചെറുപ്പക്കാർ മരിച്ചു എന്നതല്ല ഇപ്പോഴത്തെ സ്ഥതി. 10,000 പേരെ ബാധിക്കുമ്പോൾ മരണവും കൂടുന്നു. ചെറുപ്പക്കാരിൽ ശാരീരിക പ്രശ്നങ്ങളുള്ള രണ്ടു ശതമാനത്തെ നേരത്തെ കണ്ടുപിടിക്കാൻ കഴിയണം. നേരത്തെ കണ്ടുപിടിച്ചാൽ പ്രശ്നമില്ല’– ഡോ.ആര്‍.അരവിന്ദ് പറയുന്നു.
കോവിഡിന്റെ ആദ്യ ഘട്ടത്തിൽ പ്രായമായവരും ഇതര രോഗങ്ങളുള്ളവരുമാണ് കൂടുതലും മരിച്ചത്. പ്രായമായവരിൽ മിക്കവര്‍ക്കും ഇപ്പോൾ വാക്സീനെടുത്ത സംരക്ഷണം ഉണ്ട്. ചെറുപ്പക്കാർക്കു വാക്സിനേഷന്‍ സംരക്ഷണം ഇല്ലെന്നതും പ്രശ്നമാണ്. തിങ്കളാഴ്ചയാണ് 18–45 വയസ് പ്രായമായവർക്കു വാക്സിനേഷൻ ആരംഭിക്കുന്നത്.

Related Articles

Back to top button