IndiaKeralaLatest

മഴയ്ക്ക് പിന്നാലെ പകര്‍ച്ചവ്യാധികളും, കോട്ടയത്ത് കൊതുക് ജാഗ്രത

“Manju”

കോട്ടയം: തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം. മഴയെത്തുടര്‍ന്ന് പല മേഖലകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ കോവിഡിനു പുറമെ മലിന ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. വീടിന്റെ സണ്‍ഷേഡില്‍ ഉള്‍പ്പെടെ ഒരിടത്തും വെള്ളം കെട്ടിനിന്ന് കൊതുകു വളരുന്ന സാഹചര്യമുണ്ടാകുന്നില്ലെന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വീട്ടുപരിസരങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാകുന്ന രീതിയില്‍ പാത്രങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മുട്ടത്തോട് തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയരുത്. റബ്ബര്‍ തോട്ടങ്ങളില്‍ കൊതുകുകളുടെ ഉറവിട നശീകരണത്തിന് തോട്ടം ഉടമകള്‍ മുന്‍കൈ എടുക്കണം.
കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച്‌ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ അതീവ ജാഗ്രത വേണം.
പടിഞ്ഞാറന്‍ മേഖലകളില്‍ ഉപരിതലത്തിലെ വെള്ളം കിണറുകളിലെ വെള്ളത്തില്‍ കലര്‍ന്ന് മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന രോഗാണുക്കള്‍ വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും കിണറുകള്‍ അടിക്കടി ബ്ലീച്ചിംഗ് പൗഡര്‍ കൊണ്ട് അണുനശീകരണം നടത്താനും ശ്രദ്ധിക്കണം. കിണറിലെ ഓരോ 1000 ലിറ്റര്‍ വെള്ളത്തിനും അഞ്ച് ഗ്രാം (ഒരു ടീ സ്പൂണ്‍) എന്ന കണക്കില്‍ ബ്ലീച്ചിംഗ് പൗഡര്‍ കലക്കി തയ്യാറാക്കിയ ലായനിയുടെ തെളിനീരാണ് കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
ക്ലോറിനേറ്റ് ചെയ്തു കഴിഞ്ഞ് കുറഞ്ഞത് രണ്ടു മണിക്കൂറിനു ശേഷം മാത്രമേ കിണറ്റിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാവൂ. വൈകുന്നേരത്തെ ഉപയോഗത്തിനുള്ള വെള്ളം ശേഖരിച്ച ശേഷം കിണര്‍ ക്ലോറിനേറ്റ് ചെയ്യുന്നതാണ് ഉചിതം. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതു സംബന്ധിച്ച സംശയനിവാരണത്തിന് പ്രദേശത്തെ ആശ പ്രവര്‍ത്തകരെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടണമെന്ന് ഡിഎംഒ നിര്‍ദേശിച്ചു.
കോവിഡ് ഇതര രോഗ വ്യാപനത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച്‌ ആലോചിക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി.കെ. ജഗദീശന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. പി.എന്‍. വിദ്യാധരന്‍, ഡോ. ടി. അനിതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button