KasaragodKeralaLatest

കോവിഡാനന്തര ചികിത്സാ ക്ലിനിക്കുകള്‍ സജ്ജമാക്കി ഹോമിയോപ്പതി വകുപ്പ്

“Manju”

കാസര്‍ഗോഡ്: ഹോമിയോപ്പതി വകുപ്പ് കാസര്‍കോട് ജില്ലയില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുന്നു. കോവിഡ്-19 ഒരു മഹാമാരിയായി തുടരുന്നതിനൊപ്പം, കോവിഡ് ഭേദമായവരില്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതായി വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഹോമിയോപ്പതി വകുപ്പ് ഈ രീതിയില്‍ ഒരു സംവിധാനം ആരംഭിക്കുന്നത്.

ഇതിനായി ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നോഡല്‍ ഓഫീസറായിട്ടുള്ള ഒരു സംവിധാനം ജില്ലയില്‍ നിലവില്‍ വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ താലൂക്ക് ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ആയുഷ് ഡിസ്‌പെന്‍സറികളും കോവിഡാനന്തര ഹോമിയോപ്പതി പ്രാഥമിക കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. എല്ലാ ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലും പകല്‍ 12 മുതല്‍ 2 മണി വരെ ഈ കേന്ദ്രത്തിന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്.

ജില്ലാ ഹോമിയോ ആശുപത്രികള്‍ കോവിഡാനന്തര ഹോമിയോപ്പതി റഫറല്‍ കേന്ദ്രങ്ങളായാണ് പ്രവര്‍ത്തിക്കുക. എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ഈ കേന്ദ്രത്തിന്റെ സേവനം ലഭ്യമാകുന്നതാണ്. ഈ കേന്ദ്രങ്ങളില്‍ ലഭ്യമായ കിടക്കകളുടെ 20% കോവിഡാനന്തര ചികിത്സകള്‍ക്ക് മാത്രമായി മാറ്റിവെക്കുന്നതാണ്.ഇതിനായി സ്ഥാപനങ്ങളില്‍ ആവശ്യമായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശോകകുമാര്‍ ഐ.ആര്‍. അറിയിച്ചു.

കോവിഡ് വന്നതിനുശേഷവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതും തുടര്‍ചികിത്സകള്‍ സ്വീകരിക്കാവുന്നതുമാണ്. കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് ടെലിഫോണ്‍/വീഡിയോകോള്‍ വഴി ചികിത്സ നല്‍കുന്നതിനുള്ള സംവിധാനവും ഇതിനോടൊപ്പം തന്നെ ഒരുക്കിയിട്ടുള്ളതായും ഡി.എം.. അറിയിച്ചു.

Related Articles

Back to top button