IndiaKeralaLatest

അലോപ്പതിക്കെതിരെ ‘വിദ്വേഷ പ്രചരണം’; ബാബാ രാംദേവിന് ലീഗല്‍ നോട്ടീസ്

“Manju”

ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ലീഗല്‍ നോട്ടീസ്. അലോപ്പതിയെയും ശാസ്ത്രീയ വൈദ്യശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചാണ് രാംദേവിനെതിരെ ഐഎംഎ നിയമ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. അലോപ്പതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടുള്ള രാംദേവിന്റെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎയുടെ പ്രതികരണം.

അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നായിരുന്നു രാംദേവിന്റെ വാക്കുകള്‍. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡെസിവര്‍, ഫാവിഫ്ലു ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കോവിഡ് രോഗികളെ ഭേദമാക്കുന്നതില്‍ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പുറമെ ആധുനിക മെഡിക്കല്‍ പ്രാക്ടീഷണര്‍മാരെ ‘കൊലപാതകികള്‍’ എന്നും അദ്ദേഹം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനം ശക്തമാകുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ തന്നെ രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് ഐഎംഎ രംഗത്തെത്തിയിരുന്നു. ബാബ രാംദേവിന്‍റെ പ്രസ്താവന വിദ്വേഷ പ്രസംഗമായി കണക്കാക്കി അദ്ദേഹത്തിനെതിരെ നടപടി വേണമെന്നായിരുന്നു ഐഎംഎ പ്രസ്താവനയില്‍ അറിയിച്ചത്. അതിനൊപ്പം രാംദേവ് പൊതുക്ഷമാപണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ഐഎംഎയ്ക്ക് പുറമെ എയിംസ്,സഫ്ദര്‍ജംഗ് ഹോസ്പിറ്റില്‍ എന്നിവിടങ്ങളിലെ റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ വിവിധ സംഘടനകളും രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കോവിഡ് ചികിത്സ സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന രാംദേവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധനോട് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം ഐഎംഎയുടെ ആരോപണങ്ങള്‍ രാംദേവിന്‍റെ സ്ഥാപനമായ പതാഞ്ജലി യോഗ്പീഠ് ട്രസ്റ്റ് നിഷേധിച്ചിട്ടുണ്ട്. മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് അഹോരാത്രം ജോലി ചെയ്യുന്ന ഡോക്ടര്‍മാരോടും അവരെ പിന്തുണക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോടും അങ്ങേയറ്റം ആദരവ് വച്ച്‌ പുലര്‍ത്തുന്ന വ്യക്തിയാണ് രാംദേവ്. എന്നാണ് ആരോപണങ്ങള്‍ തള്ളി ട്രസ്റ്റ് പ്രതികരിച്ചത്.

‘അദ്ദേഹത്തിനും ഈ പരിപാടിയില്‍ പങ്കെടുത്ത മറ്റ് അംഗങ്ങള്‍ക്കും ലഭിച്ച ഒരു ഫോര്‍‌വേര്‍‌ഡ് വാട്ട്‌സ്‌ആപ്പ് സന്ദേശം വായിക്കുകയായിരുന്നു അദ്ദേഹം. ‘ആധുനിക ശാസ്ത്രത്തിനും ആധുനിക വൈദ്യശാസ്ത്ര പരിശീലകര്‍ക്കും എതിരെ സ്വാമി ജീയ്‌ക്ക് യാതൊരു വിദ്വേഷവും ഇല്ല. അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജവും നിരര്‍ഥകവുമാണ്’. പതഞ്ജലി യോഗ്പീഠ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ആചാര്യ ബാലകൃഷ്ണ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.

Related Articles

Back to top button