KeralaLatest

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം

“Manju”

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെയും സ്പീക്കര്‍ തെരഞ്ഞെടുപ്പ് മറ്റന്നാളുമാണ്. 28 ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. ജൂണ്‍ 4 നാണ് പുതിയ സംസ്ഥാന ബജറ്റ്. എം എല്‍ എ മാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങുക. പ്രോട്ടെം സ്പീക്കര്‍ പിടിഎ റഹിമിന് മുന്നില്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിന്‍സെന്റ് എന്നിവര്‍ സത്യപ്രതിജ്ഞക്കെത്തില്ല.

സന്ദര്‍ശകര്‍ക്ക് ഗ്യാലറികളില്‍ വിലക്കാണ്. ബന്ധുക്കളെത്തിയാല്‍ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ വീഡിയോ വാളിലൂടെ സത്യപ്രതിജ്ഞ കാണാം. എംഎല്‍എമാരില്‍ ചിലര്‍ ഹോസ്റ്റലില്‍ മുറി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ മാസ്‌ക്കറ്റ് ഹോട്ടല്‍ ,ചൈത്രം, സൗത്ത് പാര്‍ക്ക്, നിള ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ എംഎല്‍എമാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. 25നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എം ബി രാജേഷിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഉടനുണ്ടാകും. നാളെ ഉച്ചക്ക് 12 മണി വരെ നാമനിര്‍ദേശ പത്രിക നല്‍കാം.

28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ 4 ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. പഴയ ബജറ്റിന്റെ തുടര്‍ച്ചയാവും ഇത്തവണത്തെ ബജറ്റെന്നും പക്ഷേ പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ടും നാലു മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും

Related Articles

Back to top button