Latest

കുതിരയുടെ ശവസംസ്‌കാരം: പങ്കെടുത്തത് ആയിരത്തിലേറെ പേർ

“Manju”

ബംഗളുരു:കർണാടകയിൽ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് കുതിരയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് ആയിരത്തിലേറെ പേർ. ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാഭരണാധികാരികൾ ഇടപെട്ട് ഗ്രാമം അടച്ചു. കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുക്കാനും പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഗ്രാമത്തിലെ കാട്‌സിദ്ധേശ്വർ ആശ്രമത്തിലെ കുതിരയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് ആയിരത്തിലേറെ പേർ എത്തിയത്. വെളളിയാഴ്ച രാത്രി ചത്ത കുതിരയുടെ ശവസംസ്‌കാര ചടങ്ങുകൾ നടന്നത് ശനിയാഴ്ചയായിരുന്നു. സംസ്‌കാരചടങ്ങിന് മുന്നോടിയായി നടത്തിയ വിലാപ യാത്രയിൽ നിരവധിപേർ അണിചേരുകയായിരുന്നു.

സംസ്‌കാരചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ജില്ലാഭരണകൂടം നടപടിയെടുക്കുകയായിരുന്നു. കൊറോണ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

400ഓളം കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമം സീൽ വെച്ച അധികൃതർ വ്യാപകമായി കൊറോണ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. 14 ദിവസത്തേക്ക് ഗ്രാമത്തിന് അകത്തേക്കും പുറത്തേക്കുമുളള യാത്രയ്ക്ക് അധികൃതർ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായി ബെലഗാവിയിലെ പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിമബാർഗി പറഞ്ഞു.

കൊറോണ വ്യാപനത്തിന്റെ രണ്ടാംതരംഗം രൂക്ഷമായി ബാധിച്ച കർണാടകയിൽ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂൺ ഏഴുവരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 25000 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 24 ലക്ഷം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

Related Articles

Back to top button