IndiaKeralaLatest

മകന്റെ ജന്മദിനത്തിന് കരുതിയ തുക സംഭാവന നൽകി അഭിലാഷ്

“Manju”

ശാന്തിഗിരി : ആനന്ദപുരം യൂണിറ്റിലെ അഭിലാഷ് സൗമ്യ ദമ്പതികളുടെ മകൻ സത്യചിത്തിന്റെ ഒന്നാം പിറന്നാളായിരുന്നു ഇന്ന് ചൊവ്വാഴ്ച. കോവിഡ് മഹാമാരിയിൽ പെട്ട് നിരവധിയാളുകള്‍ ബുദ്ധിമുട്ടുമ്പോൾ അഭിലാഷ് ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് ആശ്രമത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചു. തന്റെ പ്രിയപുത്രന്റെ ആദ്യത്തെ ജന്മദിനം ആഘോഷിക്കുവാനായി സ്വരുക്കൂട്ടി വച്ചിരുന്ന പതിനായിരം രൂപ ആശ്രമം ജനറല്‍ സെക്രട്ടറി സർവ്വാദരണീയ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് കൈമാറി.

2002 ലാണ് കണ്ണൂർ സ്വദേശിയായ അഭിലാഷ് താന്‍ ജോലി ചെയ്യുന്ന സ്ഥലത്തെ സുഹൃത്തുക്കളില്‍ നിന്നും ശാന്തിഗിരി ആശ്രമത്തെക്കുറിച്ച് അറിയുന്നത്. ആ വർഷം ആശ്രമത്തിൽ എത്തിയപ്പോൾ ഏതോ ഒരു ശക്തി അവിടെ തന്നെ പിടിച്ച നിർത്തുന്നു എന്നൊരു തോന്നൽ ഉണ്ടായി. പക്ഷെ ആശ്രമത്തിൽ നില്‍ക്കുന്നതിന് ഗുരുവിനോട് ആരാഞ്ഞപ്പോൾ ഇപ്പോള്‍ വേണ്ടെന്നാണ് അറിയിച്ചത്. പക്ഷെ മനസ്സില്‍ ആശ്രമത്തില്‍ നില്‍ക്കണം എന്ന ആഗ്രഹം നിലനിന്നു. അതിനുശേഷം ബാംഗ്ലൂരിലേക്ക് പോകുവാന്‍ ഒരു അവസരം വന്നു, പക്ഷെ അത് പിന്നീട് പലകാരണങ്ങളാലും നടക്കാതെ പോയി.

2005 ല്‍ അഭിലാഷിന് ആശ്രമത്തില്‍ നില്‍ക്കുവാന്‍ ഗുരു അനുവാദം നല്‍കി. ആദ്യം കൈത്തറി യൂണിറ്റിലും പിന്നീട് ആയുർവേദ സിദ്ധ വൈദ്യശാലയുടെ റോ മെറ്റീരിയൽ സ്റ്റോറിലുമായി ആ കർമ്മം തുടരുന്നു.

ജീവിതത്തില്‍ കുറെ മാറ്റങ്ങളും അനുഭവങ്ങളും ഈ കാലഘട്ടത്തിൽ സംഭവിച്ചു. പല തരം അപകടങ്ങളിൽ നിന്ന് ഗുരു രക്ഷിച്ചു. അതിൽ പലതും ആശ്രമത്തിന്റെ ചുറ്റുവട്ടത്ത് തന്നെയാണ് നടന്നത്. ഒരു ദിവസം ആശ്രമത്തിന്റെ ഗേറ്റ് നമ്പർ ഒന്നിന് മുൻപിൽ ബാങ്ക് ഓഫ് ബറോഡ്യ്ക്ക് സമീപം റോഡിന്റെ മറു വശത്തേക്ക് നടക്കുമ്പോൾ പെട്ടെന്ന് വളവിൽ നിന്നൊരു വാഹനം വന്നു – ആരോ തന്നെ തള്ളിമാറ്റുന്നതു പോലെ അഭിലാഷിന് തോന്നി അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

2014 ജൂൺ 17-നായിരുന്നു അഭിലാഷിന്റേയും സൗമ്യയുടേയും വിവാഹം നടന്നത്. 2020 ജൂൺ 4-ന് അവർക്കൊരു മകനെ ലഭിക്കുകയുണ്ടായി – സത്യചിത്ത്. ജോലി, ജീവിതാനുഭവങ്ങൾ അങ്ങനെ ജീവിതത്തിലെ എല്ലാ നേട്ടങ്ങളും ഗുരുവാണ് തനിക്ക് നൽകിയതെന്ന് അഭിലാഷ് പറയുന്നു.

 

Related Articles

Back to top button