IndiaInternationalLatest

മാലിദ്വീപിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ്

“Manju”

ന്യൂഡൽഹി: മാലിദ്വീപിലെ അദ്ദു നഗരത്തിൽ പുതിയ കോൺസുലേറ്റ് ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. മാലിദ്വീപിൽ ഇന്ത്യയുടെ നയതന്ത്ര സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും നിലവിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ കോൺസുലേറ്റ് നിർമ്മാണം സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ദ്വീപ് രാജ്യത്ത് തങ്ങളുടെ നയതന്ത്ര സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള ചൈനയുടെ തുടർച്ചയായ ശ്രമങ്ങൾക്കിടയിലാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം. ഇന്ത്യയുടെ പ്രധാന സമുദ്ര അയൽ രജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. കോൺസുലേറ്റ് രൂപീകരണത്തിലൂടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാവർക്കും സുരക്ഷയും വികസനവും നൽകുകയാണ് ഇതിലൂടെ മോദി സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

പുരാതന കാലം മുതൽ ഇന്ത്യയും മാലിദ്വീപും തമ്മിൽ വംശീയവും ഭാഷാപരവും സാംസ്‌കാരികവും മതപരവും വാണിജ്യപരവുമായ ബന്ധങ്ങൾ നിലവിലുണ്ട്. ആദ്ദു സിറ്റിയിൽ ഒരു പുതിയ കോൺസുലേറ്റ് ആരംഭിക്കുന്നത് മാലിദ്വീപിലെ ഇന്ത്യയുടെ നയതന്ത്ര സാന്നിധ്യം വർദ്ധിപ്പിക്കുകയും നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. ഇന്ത്യയുടെ നയതന്ത്ര സാന്നിദ്ധ്യം മാലിദ്വീപിൽ വർദ്ധിക്കുന്നതോടെ ‘സ്വാശ്രയ ഇന്ത്യ’ എന്ന കേന്ദ്രസർക്കാർ ലക്ഷ്യം സാദ്ധ്യമാവുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മാലി പ്രസിഡന്റ് ഇബ്രാഹിം സോലിയുടെയും നേതൃത്വത്തിൽ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിൽ അഭൂതപൂർവ്വമായ വളർച്ചയാണ് ദൃശ്യമാകുന്നതെന്ന് കേന്ദ്രമന്ത്രിസഭ വിലയിരുത്തി.

Related Articles

Back to top button