IndiaKeralaLatest

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം

“Manju”

കവരത്തി: ലക്ഷദ്വീപില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി ഭരണകൂടം. ഫിഷറീസ് വകുപ്പില്‍ നിന്ന് 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി ഉത്തരവിറങ്ങിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ നിരന്തരം ഉയര്‍ന്നിട്ടും വിവാദ നടപടികള്‍ നിന്ന് പ്രഫുല്‍ പട്ടേല്‍ മാറില്ലെന്ന് സൂചന നല്‍കുന്നതാണ് വിവാദ ഉത്തരവ്.
അടിയന്തര സാഹചര്യത്തില്‍ രോഗികളെ എയര്‍ ആംബുലന്‍സ് വഴി കൊച്ചിയിലേക്ക് മാറ്റാന്‍ നാലംഗ സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഇന്നലെ ഉത്തരവിറക്കിയിരുന്നു. ആശുപത്രി സൗകര്യങ്ങളുള്ള കവരത്തി അടക്കമുള്ള ദ്വീപുകളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിലും നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിനിടെ കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കുന്ന ജോലിയും ഭരണകൂടം തുടങ്ങിയിട്ടുണ്ട്.
അതേസമയം, ലക്ഷദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബി ജെ പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും. നാല് മണിയ്‌ക്കാണ് ഓണ്‍ലൈന്‍ വഴി സര്‍വകക്ഷി യോഗം നടക്കുന്നത്. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ വിവാദ ഉത്തരവുകള്‍ക്കെതിരെ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്നാണ് പൊതുഅഭിപ്രായം.
യോഗത്തില്‍ ബി ജെ പി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. വിവാദ നടപടികളില്‍ പ്രതിഷേധിച്ച്‌ ദ്വീപിലെ ബി ജെ പി നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചിരുന്നു. ലക്ഷദ്വീപിലെ മുന്‍ ചീഫ് കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

Related Articles

Back to top button