IndiaKeralaLatest

വാക്‌സിന്‍ ക്ഷാമം, ഉത്തരവാദികള്‍ സംസ്ഥാനങ്ങള്‍: ഡോ. വികെ പോള്‍

“Manju”

ദില്ലി: കൊവിഡ് വ്യാപനത്തിനിടെ രാജ്യത്ത് വാക്‌സിന്‍ ക്ഷാമം നേരിടുന്നതിന് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി ഡോ. വികെ പോള്‍. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട പ്രസ്താവനയില്‍ ആണ് ദേശീയ കൊവിഡ് വാക്‌സിനേഷന്‍ വിദഗ്ധ സമിതി ചെയര്‍മാനായ ഡോ. വികെ പോള്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്.
ജനുവരി മുതല്‍ ഏപ്രില്‍ വരെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വാക്‌സിന്‍ വിതരണം കാര്യക്ഷമമായിരുന്നുവെന്നും എന്നാല്‍ മെയ് മാസത്തില്‍ അങ്ങനെ അല്ലായിരുന്നുവെന്നും വികെ പോള്‍ പറയുന്നു. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സാമ്ബത്തിക സഹായം, അനുമതികള്‍ വേഗത്തിലാക്കല്‍, ഉത്പാദനം കൂട്ടല്‍, വിദേശ വാക്‌സിനുകള്‍ എത്തിക്കല്‍ അടക്കമുളള പ്രധാനപ്പെട്ട നടപടികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് വികെ പോള്‍ വ്യക്തമാക്കി.
കേന്ദ്രം വാങ്ങുന്ന വാക്‌സിന്‍ എല്ലാം ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുകയാണ്. ഇതെല്ലാം സംസ്ഥാനങ്ങള്‍ക്ക് ബോധ്യമുളള കാര്യങ്ങളാണ്. സംസ്ഥാനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച്‌ സ്വന്തമായി വാക്‌സിന്‍ വാങ്ങാനുളള അനുമതിയും സര്‍ക്കാരുകള്‍ കേന്ദ്രം നല്‍കിയിട്ടുണ്ട്. രാജ്യത്ത് വാക്‌സിന്‍ ഉത്പാദനത്തിനുളള ക്ഷമത എത്രയാണെന്നതും വിദേശത്ത് നിന്നും വാക്‌സിന്‍ വാങ്ങുന്നതിനുളള ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ് എന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിവുളളതാണ് എന്നും വികെ പോള്‍ ചൂണ്ടിക്കാട്ടുന്നു.
വേണ്ടത്ര ആരോഗ്യപ്രവര്‍ത്തകരേയും കൊവിഡ് മുന്‍നിര പ്രവര്‍ത്തകരേയും വിനിയോഗിക്കാത്ത സംസ്ഥാനങ്ങള്‍ പോലും വാക്‌സിനേഷനിലേക്ക് കടക്കാനും കൂടുതല്‍ വികേന്ദ്രീകരണം വേണം എന്നും ആവശ്യപ്പെടുകയാണ്. ആരോഗ്യം സംസ്ഥാന വിഷയമാണ്.. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം എന്നുളള ആവശ്യം പരിഗണിച്ചാണ് വാക്‌സിനേഷന്‍ പോളിസി വിപുലീകരിച്ചത് എന്നും വികെ പോള്‍ വ്യക്തമാക്കി. ലോകത്ത് തന്നെ വാക്‌സിന്‍ ക്ഷാമം ഉള്ളതാണ്. അതുകൊണ്ട് തന്നെ കുറഞ്ഞ സമയത്തിനുളളില്‍ വാക്‌സിന്‍ ലഭ്യമാക്കുക എളുപ്പമല്ലെന്നും വികെ പോള്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button