IndiaKeralaLatest

സുധാകരൻ ഉറപ്പാണ് പ്രഖ്യാപനം നീണ്ടേക്കും

“Manju”

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് കെ സുധാകരന്‍ തന്നെ എന്ന കാര്യത്തില്‍ നേതൃതലത്തില്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ടെങ്കിലും പ്രഖ്യാപനം വൈകാന്‍ സാധ്യത. പതിവുപോലെ തീരുമാനം സംബന്ധിച്ച് ഇക്കാര്യത്തിലും സോണിയ ഗാന്ധി മനസു തുറന്നിട്ടില്ല.
അതേസമയം സമ്പൂര്‍ണ അഴിച്ചുപണിയാണ് ഹൈക്കമാന്‍റ് ഉദ്ദേശിക്കുന്നതെന്നതിനാല്‍ കെപിസിസി വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാര്‍, വൈസ് പ്രസിഡന്‍റുമാര്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരുടെ കാര്യത്തിലെങ്കിലും തീരുമാനമായശേഷം പ്രഖ്യാപനം നടത്താനാണ് ആലോചനയെന്നും സൂചനയുണ്ട്.
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് പിടി തോമസ്, കെ മുരളീധരന്‍ എന്നിവര്‍ക്കാണ് പരിഗണന. അതിലും ശ്രദ്ധേയമായ മാറ്റം പ്രതീക്ഷിക്കുന്നത് വര്‍ക്കിംങ്ങ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് പദവികളുടെ കാര്യത്തിലായിരിക്കുമെന്നാണ് സൂചന.
കെ സുധാകരന്‍ പ്രസിഡന്‍റാകുമ്പോള്‍ വര്‍ക്കിംങ്ങ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് പദവികളില്‍ യുവാക്കള്‍ക്ക് ഭൂരിപക്ഷം നല്‍കാനാണ് ആലോചന. വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരുടെ എണ്ണം 3 -ല്‍ നിന്നും രണ്ടായും വൈസ് പ്രസിഡന്‍റുമാരുടെ എണ്ണം 12 -ല്‍ നിന്നും 7 അല്ലെങ്കില്‍ 8 ആക്കിയും ചുരുക്കിയേക്കും.
വിടി ബലറാം, കെഎസ് ശബരീനാഥന്‍ എന്നിവരെ വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരായി പരിഗണിച്ചേക്കും. സിആര്‍ മഹേഷിനും കാര്യമായ പരിഗണന ഉറപ്പാണ്. കോണ്‍ഗ്രസില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് ഇടതുപക്ഷത്തിന്‍റെ സിറ്റിംങ്ങ് സീറ്റ് പിടിച്ചെടുത്ത നേതാവാണ് മഹേഷ്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഷാഫി പറമ്പില്‍, എംപിമാരായ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരെകൂടി പാര്‍ട്ടി തലപ്പത്തേയ്ക്ക് കൊണ്ടുവരാനും ആലോചനയുണ്ട്. ലതികാ സുഭാഷിന്‍റെ ഒഴിവില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥനത്തേയ്ക്ക് ജ്യോതി വിജയകുമാറിനെ പരിഗണിച്ചേക്കും.
പാര്‍ട്ടിക്ക് യുവത്വവും പാരമ്പര്യവും സമ്മേളിക്കുന്ന ഊര്‍ജസ്വലമായ നേതൃത്വമാണ് ഹൈക്കമാന്‍റ് പരിഗണനയില്‍. കെ സുധാകരനേപ്പോലുള്ള തീപ്പൊരി നേതാവ് പാര്‍ട്ടി തലപ്പത്ത് വരുമ്പോള്‍ സംഘടനയിലേയ്ക്ക് യുവത്വത്തെ ആകര്‍ഷിക്കാനും ആവേശഭരിതരാക്കാനും കഴിയുന്ന യുവനിരയെ രംഗത്തിറക്കുകയാണ് ലക്ഷ്യം.
സംസ്ഥാന രാഷ്ട്രീയത്തില്‍ കെ കരുണാകരനു ശേഷമുള്ള ഏറ്റവും കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാന്‍ പാര്‍ട്ടിയിലെ കരുത്തരായ കെ സുധാകരന്‍, വിഡി സതീശന്‍, കെ മുരളീധരന്‍ ടീമിനെ രംഗത്തിറക്കുകയാണ് ഉദ്ദേശ്യം. അവര്‍ക്കൊപ്പം യുവനിര പാര്‍ട്ടിയെ നയിക്കും.
കോണ്‍ഗ്രസ് അണികള്‍ക്ക് മാത്രമല്ല, ഘടകകക്ഷികള്‍ക്കു കൂടി ആവേശം പകരാന്‍ കഴിയുന്ന നേതൃനിരയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍റ് ആലോചന. പക്ഷേ അത് വൈകിവരുന്ന പ്രഖ്യാപനമായി മാറരുതെന്നാണ് പ്രവര്‍ത്തകരുടെ വികാരം.
പാര്‍ട്ടി വളര്‍ത്തുന്നതിനൊപ്പം മുന്നണിയുടെ കെട്ടുറപ്പും പ്രധാനമാണ്. കോണ്‍ഗ്രസില്‍ ഘടകകക്ഷികള്‍ക്ക് പ്രതീക്ഷ ഉണര്‍ത്താന്‍ കഴിയുന്ന നേതൃത്വമാണ് ലക്ഷ്യം വയ്ക്കുന്നത്.

Related Articles

Back to top button