KeralaLatest

ലക്ഷദ്വീപ്: കേരള നിയമസഭ നാളെ പ്രമേയം പാസാക്കും

“Manju”

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച്‌ കേരള നിയമസഭ നാളെ പ്രമേയം പാസാക്കും. മുഖ്യമന്ത്രിയാണ് നാളെ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ പരിഷ്ക്കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് സംസ്ഥാന നിയമസഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും.

ഈയാഴ്ച ചോദ്യോത്തരവേളയില്ല. പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവരുന്നുണ്ടെങ്കില്‍ അതാകും നാളെത്തെ ആദ്യനടപടി. അതിനു ശേഷമാകും ലക്ഷദ്വീപ് പ്രമേയം. അടിയന്തിരപ്രമേയം ഇല്ലെങ്കില്‍ പ്രമേയത്തോടെ സഭാനടപടി തുടങ്ങും. ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം എന്ന നിലയില്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍​ഗ്രസ് രം​ഗത്തെത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച്‌ യൂത്ത് കോണ്‍​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് സ്പീക്കര്‍ക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്തു നല്‍കിയത്.

Related Articles

Back to top button