KeralaLatest

പ്രാണവായു പദ്ധതിക്ക് തുടക്കം

“Manju”

കൊല്ലം: കൊവിഡ്‌ മൂലം ശ്വാസതടസം നേരിടുന്നവര്‍ക്ക് വീടുകളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിക്കുന്ന ജീവകാരുണ്യ പരിപാടിയുടെ ഉദ്‌ഘാടനം കടപ്പാക്കട സ്‌പോര്‍ട്‌സ്‌ ക്ലബില്‍ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ഡല്‍ഹിയിലെ ഡിസ്‌ട്രസ്‌ മാനേജ്‌മെന്റ്‌ കളക്ടീവ്‌ ഇന്ത്യയ്ക്ക്‌ വിദേശത്ത് നിന്ന് ലഭിച്ച ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളില്‍ പത്തെണ്ണം മേയര്‍ പ്രസന്ന ഏണസ്റ്റിന്‌ മന്ത്രി കൈമാറി.

നാലെണ്ണം വീതം എന്‍.എസ്‌ സഹകരണ ആശുപത്രി, ഉപാസന ആശുപത്രി എന്നിവയുടെ സഞ്ചരിക്കുന്ന ക്ലിനിക്കുകള്‍ വഴി വീടുകളിലെത്തിക്കും. യന്ത്രം ഉപയോഗശേഷം തിരിച്ചെടുത്ത് മറ്റ് ആവശ്യക്കാര്‍ക്ക്‌ നല്‍കും. ശരീരത്തിലെ ഓക്‌സിജന്റെ അളവില്‍ ഏറെ കുറവാകുന്നവര്‍ നിര്‍ബന്ധമായി ആശുപത്രികളിലേക്ക്‌ പോകണമെന്നും അതിന് പകരമല്ല ഈ സംവിധാനമെന്നും പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററായ ഡോ. ദീപ്‌തി പ്രേം പറഞ്ഞു.

മേയറുടെ ആവശ്യപ്രകാരം രണ്ട്‌ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കോര്‍പ്പറേഷന്റെ പട്ടത്താനത്തെ കരുതല്‍വാസ കേന്ദ്രത്തില്‍ എത്തിച്ചു. പദ്ധതി ജനങ്ങള്‍ക്ക്‌ ആശ്വാസപ്രദമാണെങ്കില്‍ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കുമെന്ന്‌ ഡല്‍ഹി കേന്ദ്രമായ സംഘടനയുടെ രക്ഷാധികാരി ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ അറിയിച്ചിട്ടുണ്ടെന്ന്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി ആര്‍.എസ്‌ ബാബു പറഞ്ഞു.

ചവറ മണ്ഡലത്തിലേക്ക്‌ കോണ്‍സണ്‍ട്രേറ്ററുകള്‍ വേണമെന്ന നിര്‍ദ്ദേശം ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ മുന്നോട്ടുവച്ചു. കളക്ടീവ്‌ ഇന്ത്യയുടെ പ്രതിനിധികളായ ഡോ. ഹാറൂണ്‍, അനില്‍ ജബ്ബാര്‍ എന്നിവര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ക്ലബ്‌ പ്രസിഡന്റ്‌ ജി. സത്യബാബു, ട്രഷറര്‍ എ. ശ്യാംകുമാര്‍, കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജോര്‍ജ്‌ ഡി. കാട്ടില്‍, സി.പി.ഐ നേതാവ്‌ ആര്‍. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Related Articles

Back to top button