IndiaKeralaLatest

അങ്കണവാടി പ്രവേശനോത്സം ഇന്ന് ,കിളിക്കൊഞ്ചല്‍ സീസണ്‍ 2 ഇന്നു മുതല്‍

“Manju”

തിരുവനന്തപുരം: അങ്കണവാടി പ്രവേശനോത്സവവും ഇന്ന് നടക്കും. മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്കായി വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്തുവരുന്ന വിനോദ വിജ്ഞാന പരിപാടിയായ ‘കിളിക്കൊഞ്ചല്‍ സീസണ്‍ 2’ ന്റെ സംപ്രേക്ഷണവും ഇന്ന് ആരംഭിക്കുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നേരിട്ടെത്തി പ്രീ സ്‌കൂള്‍ പ്രവേശനം നേടുന്നതിന് സാധിക്കാത്ത സാഹചര്യത്തിലാണ് 2021-22 അക്കാദമിക്ക് വര്‍ഷത്തെ പ്രീ സ്‌കൂള്‍ പ്രവേശനോത്സവം ഓണ്‍ലൈന്‍ മുഖേന ആരംഭിക്കുന്നത്. ജൂണ്‍ ഒന്നാം തീയതി മുതല്‍ എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ 11 മണിവരെയാണ് സംപ്രേക്ഷണം.
എല്ലാ കുട്ടികളേയും ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് കിളിക്കൊഞ്ചലിലേക്ക് സ്വാഗതം ചെയ്തു. ഈ അധ്യയന വര്‍ഷം മുതല്‍ കെട്ടിലും മട്ടിലും മാറ്റം വരുത്തിയാണ് കിളിക്കൊഞ്ചല്‍ സീസണ്‍ 2 അവതരിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ആനിമേഷന്‍, പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തി പുതിയ സംവിധാനത്തില്‍ വരുന്ന കിളിക്കൊഞ്ചല്‍ എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്പെടുമെന്ന് തന്നെയാണ് വിശ്വാസം. പ്രതിസന്ധികളിലും തളരാതെ കാലത്തിനാവശ്യമായ മാറ്റങ്ങളോടെ പുതുമയും ആവേശവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വനിതാശിശു വികസന വകുപ്പ് ഒരുക്കുന്ന ഈ പരിപാടിയെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
കുട്ടികള്‍ക്കിടയില്‍ വളരെയധികം സ്വീകാര്യമുണ്ടായിരുന്ന 175 ഓളം എപ്പിസോഡുകള്‍ പിന്നിട്ട പരിപാടിയുടെ രണ്ടാം ഭാഗമാണിത്. അങ്കണവാടി വര്‍ക്കര്‍മാരും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുമാണ് ഈ പരിപാടി സജ്ജമാക്കുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികള്‍ കോവിഡ് മൂലം പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് വിക്ടേഴ്സ് ചാനല്‍ വഴി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ പരിപാടി സംപ്രേക്ഷണം ചെയ്തു വരുന്നത്.
കുഞ്ഞുങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കുന്നതിനും കോവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗണ്‍ മൂലം കുഞ്ഞുങ്ങള്‍ വീടുകളില്‍ തന്നെ കഴിയേണ്ടി വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും ഇതുവഴി സാധിക്കും.

Related Articles

Back to top button