IndiaKeralaLatest

സാജിത ടീച്ചര്‍ പടിയിറങ്ങുമ്പോൾ….

“Manju”

ആലുവ: അടച്ചുപൂട്ടലിെന്‍റ വക്കില്‍നിന്ന് മികച്ച സ്കൂളുകളുടെ നിരയിലേക്ക് ഉയര്‍ത്തിയ അധ്യാപിക നിറഞ്ഞ മനസ്സോടെ പടിയിറങ്ങി. കോട്ടപ്പുറം ഗവ.എല്‍.പി സ്കൂളിന് പുനര്‍ജന്മം നല്‍കിയ പ്രധാന അധ്യാപിക സാജിത ടീച്ചറാണ് പടിയിറങ്ങിയത്. പ്രധാന അധ്യാപികയായി ചുമതലയേല്‍ക്കുമ്ബോള്‍ രണ്ട് വിദ്യാര്‍ഥികള്‍ മാത്രമുണ്ടായിരുന്ന സ്കൂളിന് പത്ത് വര്‍ഷം കൊണ്ട് നിറയെ വിദ്യാര്‍ഥികളെ നല്‍കിയാണ് ടീച്ചര്‍ മാതൃകയായത്. 1987 ല്‍ മലപ്പുറം താനൂര്‍ ടൗണ്‍ യു.പി സ്കൂളിലാണ് തോട്ടുമുഖം സ്വദേശിനിയായ സാജിത അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. എറണാകുളം ജില്ല പി.എസ്.സി ലിസ്റ്റിലും ഉണ്ടായിരുന്നതിനാല്‍ 1990 ല്‍ ബിനാനിപുരം സ്കൂളില്‍ അധ്യാപികയായി. നോര്‍ത്ത് വാഴക്കുളം ഗവ.യു.പി സ്കൂള്‍, കുട്ടമശ്ശേരി ഗവ. സ്കൂള്‍ എന്നിവിടങ്ങളിലായി 24 വര്‍ഷം അധ്യാപികയായി.
2011 ലാണ് പ്രധാന അധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചത്. എന്നാല്‍, അധ്യാപക ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയായിരുന്നു ആ സ്ഥാനക്കയറ്റം. കോട്ടപ്പുറം സ്കൂളില്‍ പ്രധാന അധ്യാപികയായി ചാര്‍ജെടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്നത് രണ്ട് കുട്ടികള്‍ മാത്രം. ഏത് സമയവും സ്കൂളിന് താഴ് വീഴുമെന്ന അവസ്ഥ. പൊതു വിദ്യാഭ്യാസ മേഖലയെ ഏറെ സ്നേഹിക്കുന്ന സാജിത ടീച്ചറെ ഇത് വിഷമത്തിലാക്കി. എന്നാല്‍, തോറ്റു കൊടുക്കാന്‍ അവര്‍ തയാറായിരുന്നില്ല. നാട്ടുകാരെ കൂട്ടി അവര്‍ പൊരുതി. സ്കൂളില്‍ പി.ടി.എ കമ്മിറ്റി ഇല്ലാതിരുന്നതിനാല്‍ നാട്ടുകാരെ ഉള്‍പ്പെടുത്തി സ്കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പുണ്ടാക്കി. ഇത് ഏറെ ഗുണം ചെയ്തു. ഇതുവഴി നിരവധി കുട്ടികളെ തുടക്കത്തില്‍ തന്നെ ലഭിച്ചു. കൂടുതല്‍ സൗകര്യമൊരുക്കിയാല്‍ കുട്ടികളെ വീണ്ടും കിട്ടുമെന്നതിനാല്‍ ആ വഴിക്കായി പിന്നീടുള്ള നീക്കങ്ങള്‍. ഇതിെന്‍റ ഭാഗമായി എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കാന്‍ ശ്രമിച്ചു. സര്‍ക്കാറില്‍ നിന്ന് ഒരു ക്ലാസ് റൂം ലഭിച്ചു. മറ്റുള്ളവരുടെ സഹായത്തോടെ സാജിത ടീച്ചര്‍ എല്ലാ ക്ലാസ് റൂമും സ്മാര്‍ട്ടാക്കി. ഇതോടൊപ്പം മറ്റ് ഭൗതിക സൗകര്യങ്ങളും ഒരുക്കി. കെട്ടിടവും സ്കൂള്‍ വളപ്പും മനോഹരമാക്കി.
നക്ഷത്ര വനം, വിവിധയിനം ഫലവൃക്ഷങ്ങളുടെ ”മധുര വനം”, അപൂര്‍വങ്ങളായ ഔഷധസസ്യത്തോട്ടം എന്നിവ ഉള്‍പ്പെടെ ഒരേക്കറോളം സ്ഥലത്ത് ജൈവവൈവിധ്യ പാര്‍ക്ക് തയാറാക്കി.2011 ല്‍ നട്ട ആല്‍മരം ഇപ്പോള്‍ വളര്‍ന്ന് പന്തലിച്ച്‌ നില്‍ക്കുന്നു. കലാമേളകളിലും ശാസ്ത്രമേളകളിലും സ്കൂള്‍ വിജയം കൈവരിച്ചു.വിദ്യാഭ്യാസ വകുപ്പില്‍നിന്നും ലഭിച്ച അവാര്‍ഡുകള്‍ക്ക് പുറമെ മറ്റ് പല പുരസ്കാരങ്ങളും പത്ത് വര്‍ഷത്തിനിടയില്‍ കരസ്ഥമാക്കിയിട്ടുണ്ട്.ഇപ്പോള്‍ 150 ഓളം കുട്ടികള്‍ ഉണ്ട്. മഴവെള്ള സംഭരണി ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും വിവിധ ഏജന്‍സികളില്‍ നിന്നും ഫണ്ട് ലഭ്യമാക്കി സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button