InternationalLatest

ലോകകപ്പ് ക്രിക്ക‌റ്റില്‍ ഇനിമുതല്‍ 14 ടീമുകള്‍

“Manju”

ദുബായ്: ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 10ല്‍നിന്നും 14ആയി ഉയര്‍ത്താന്‍ ഐസിസി തീരുമാനിച്ചു. 2027ല്‍ നടക്കുന്ന ടൂര്‍ണമെന്റ് മുതലാകും ഈമാറ്റം ഉണ്ടാകുക. ഇതുകൂടാതെ ടി20 വേള്‍ഡ്കപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 20 ആയി ഉയര്‍ത്താനും 2017ല്‍ നിര്‍ത്തലാക്കിയ ചാംപ്യന്‍സ് ട്രോഫി പുനരാരംഭിക്കുവാനും ഐസിസി തീരുമാനിച്ചു. ഐസിസിയുടെ 2027-31 കലണ്ടര്‍ പരിഷ്‌കരണ കമ്മിറ്റിയുടേതാണ് ഈ തീരുമാനങ്ങള്‍.

ഐസിസിയുടെ ഏകദിന റാങ്കിംഗിലെ ആദ്യ എട്ടുസ്ഥാനക്കാര്‍ മത്സരിച്ചിരുന്ന ചാംമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് നാലുവര്‍ഷത്തിലൊരിക്കല്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ടൂര്‍ണമെന്റ് 2025ലും അടുത്തത് 2029ലും നടക്കും. കൂടാതെ ലോക ടെസ്റ്റ് ചാപ്യന്‍ഷിപ്പ് നിലവില്‍ നടക്കുന്നതുപോലെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഒന്‍പത് ടീമുകളുമായി ആറ് സീരിസ് മത്സരങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 2019ല്‍ ആരംഭിച്ച ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം ഈമാസം 18മുതല്‍22വരെ സതാംപ്ടണില്‍ നടക്കും. ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ് ഫൈനല്‍ പോരാട്ടം.

ലോകകപ്പ് ടീമുകളുടെ എണ്ണം 2015ല്‍ പത്തായി കുറച്ചത് മുതല്‍ ടീമുകളുടെഎണ്ണം ഉയര്‍ത്താന്‍ ഐസിസിയുടെമേല്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ട്. ടീമുകളുടെ എണ്ണം ഉയര്‍ത്തുന്നതിനോടൊപ്പം 2003ല്‍ പരീക്ഷിച്ച സൂപ്പര്‍6 സ്റ്റേജും മടങ്ങിവരും. എന്നാല്‍ നിലവില്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളായി നടത്തുന്ന സൂപ്പര്‍ലീഗ് ടൂര്‍ണമെന്റിന്റെ ഭാവി എന്തായിരിക്കുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button