IndiaKerala

ലക്ഷദ്വീപ് സന്ദർശനത്തിന് വീണ്ടും അനുമതി തേടി എംപിമാർ

“Manju”

കൊച്ചി: ലക്ഷദ്വീപിൽ സന്ദർശനം നടത്താൻ വീണ്ടും അനുമതി തേടി സിപിഎം എംപിമാർ. പുതിയ അഡ്മിനിസ്‌ട്രേറ്റർക്ക് കീഴിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്‌കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട് മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി തേടിയിരിക്കുന്നത്. ദ്വീപ് ഭരണകൂടം അനുമതി നൽകാത്തപക്ഷം ശക്തമായ സമര പരിപാടികളോടൊപ്പം നിയമ നടപടികളും സ്വീകരിക്കുമെന്നും സിപിഎം മുന്നറിയിപ്പ് നൽകുന്നു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ദ്വീപിലേക്കുള്ള യാത്ര അഭികാമ്യമല്ലെന്നും യാത്ര പിന്നീടൊരുദിവസത്തേക്ക് മാറ്റിവെക്കണമെന്നും ലക്ഷദ്വീപ് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അനുമതി തേടി കത്ത് നൽകിയത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനുമാണ് എംപിമാർ കത്ത് നൽകിയത്.

ദ്വീപിലെ ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ നേരിട്ട് കാണാനും കാര്യങ്ങൾ മനസിലാക്കാനുമാണ് സന്ദർശനമെന്നും വിനോദ സഞ്ചാരത്തിനല്ലെന്നും കത്തിൽ പറയുന്നു. എംപിമാരുടെ എട്ടംഗസംഘമാണ് സന്ദർശനം നടത്താനിരിക്കുന്നത്. ജൂൺ 5ന് മുൻപായി അനുമതി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രാനുമതി നിഷേധിക്കുന്നത് പാർലമെന്റ് അംഗങ്ങളുടെ അവകാശ ലംഘനമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

വിഷയത്തിൽ ഇടത് എംപിമാർ തിരുവനന്തപുരത്ത് രാജ്ഭവന് മുൻപിൽ ധർണ നടത്തിയിരുന്നു. ദ്വീപിലെ കൊറോണ വ്യാപനത്തിൽ പുറത്തുനിന്നുളളവരുടെ വരവും കാരണമാണെന്ന് ആരോഗ്യവിദഗ്ധരും ഭരണകൂടവും വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കവരത്തി ഉൾപ്പെടെ ദ്വീപുകളിൽ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ദ്വീപുകളിൽ രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button