KeralaLatest

ഹരിതം സഹകരണം ; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും

“Manju”

തിരുവനന്തപുരം ; പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘ഹരിതം സഹകരണം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് സഹകരണംരജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. രാവിലെ 11 മണിക്ക് കോട്ടയം ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി 2018ല്‍ ആരംഭിച്ച തീം ട്രീസ് ഓഫ് കേരളയുടെ ഭാഗമായി ഒരു ലക്ഷം പുളിമര തൈകള്‍ സഹകരണ സംഘങ്ങളിലൂടെ നട്ടു പരിപാലിക്കുകയാണ് ലക്ഷ്യം. അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം ഫലവൃക്ഷ തൈകള്‍ നട്ടു പരിപാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പ്ലാവ്, കശുമാവ്, തെങ്ങ് എന്നിവയുടെ തൈകള്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നട്ടു പരിപാലിക്കുന്നുണ്ട്.

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ പുളിമരത്തിന്റെ തൈകള്‍ നട്ടു പരിപാലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്തരീക്ഷത്തിലെ നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്സൈഡുകളെ നിയന്ത്രിക്കുന്നതിന് പുളിമരത്തിന് വലിയ കഴിവുണ്ട്. അതുപോലെതന്നെ ആരോഗ്യ പരിപാലനത്തിനും സഹായകമാകുന്ന ഒട്ടേറെ ഘടകങ്ങള്‍ പുളിയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ വര്‍ഷം പുളിമരത്തെ തെരെഞ്ഞെടുത്തത്.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറയുന്ന ചടങ്ങില്‍ സഹകരണ സംഘം രജിസ്ട്രാര്‍ പിബി നൂഹ് പരിസ്ഥിതി ദിന സന്ദേശം നല്‍കും. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തുന്ന പരിപാടി യൂട്യൂബ്, ഫേസ്ബുക്ക് എന്നിവ വഴി തത്സമയം സംപ്രേഷണം ചെയ്യും. ഇതിനോടനുബന്ധിച്ച്‌ ജില്ലാ, സര്‍ക്കിള്‍, സംഘം തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരിസ്ഥിതി ദിനാഘോഷം നടക്കും.

Related Articles

Back to top button