International

കാനഡയിൽ അജ്ഞാതരോഗം: ജനങ്ങൾ ആശങ്കയിൽ

“Manju”

ഒട്ടാവ: കാനഡയിൽ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം വ്യാപിക്കുന്നു. കാഴ്ച, കേൾവി, ശരീരത്തിന്റെ സന്തുലനം നഷ്ടപ്പെടൽ, നടക്കാൻ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കാനഡയിലെ ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത രോഗം കൂടുതലായി വ്യാപിക്കുന്നത്. അതിനാൽ തന്നെ ന്യൂ ബ്രൺസ്വിക് സിൻഡ്രോം എന്നാണ് രോഗത്തിന് ആരോഗ്യ വിദഗ്ധർ പേര് നൽകിയത്.

48 പേർക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. ആറ് പേർ രോഗം ബാധിച്ച് മരിച്ചതായും റിപ്പോർട്ടുകളുണ്ട്. 18നും 85നും ഇടയിൽ പ്രായമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സ്ത്രീകൾക്കിടയിലും പുരുഷന്മാർക്കിടയിലും രോഗം ഒരേ രീതിയിൽ കാണപ്പെടുന്നുണ്ട്. തലച്ചോറിനെയാണ് ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

രോഗബാധയ്ക്ക് കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് ആശങ്ക കൂട്ടുന്നു. ഇതിനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. രോഗം സംബന്ധിച്ച് ജനങ്ങളിൽ പരിഭ്രാന്തി ഉയർന്നിട്ടുണ്ടെന്നും അജ്ഞാത രോഗം ഭയപ്പെടുത്തുന്നുവെന്നും ന്യൂ ബ്രൺസ്വിക്ക് ആരോഗ്യമന്ത്രി ഡൊറോത്തി ഷെപ്പേർഡ് പറഞ്ഞു.

രോഗവ്യാപനത്തിന്റെ കാരണം സംബന്ധിച്ച് പഠനം നടത്താൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതുവരെയുള്ള പരിശോധനകളിൽ പാരിസ്ഥിതികമായ കാരണങ്ങളോ ജനിതക കാരണങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണോ രോഗം എന്നത് സംബന്ധിച്ചും പഠനം നടക്കുകയാണ്. ന്യു ബ്രൺസ്വിക് പ്രവിശ്യയിൽ ഇതിനോടകം നിരവധി പേരിൽ രോഗലക്ഷണങ്ങൾ പ്രകടമായിരിക്കുകയാണെന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു.

Related Articles

Back to top button