India

കൊറോണ 100 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാമാരി

“Manju”

ന്യൂഡൽഹി : കഴിഞ്ഞ 100 വർഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും വലിയ മഹാമാരിയാണ് കൊറോണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിച്ചു. വൈറസ് വ്യാപനത്തിനെതിരെ രാജ്യം ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ അദൃശ്യനായ ശത്രുവാണ്. ഇതിനെ പല ഘട്ടങ്ങളായി രാജ്യം പ്രതിരോധിച്ചു. രാജ്യത്തിന്റെ പോരാട്ടം തുടരുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയാണ് കൊറോണയെ തോൽപ്പിക്കാനുള്ള മികച്ച മാർഗ്ഗം. പ്രതിരോധ വാക്‌സിൻ വൈറസിനെതിരെ സുരക്ഷാ കവചം തീർക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ കൊറോണ ചികിത്സയ്ക്കായി മികച്ച സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയത്. നിരവധി കൊറോണ ആശുപത്രികൾ, വെന്റിലേറ്റർ ബെഡുകൾ എന്നിവ രോഗികൾക്കായി ഒരുക്കി. ഏപ്രിൽ- മെയ് മാസങ്ങളിൽ ആരംഭിച്ച രണ്ടാം തരംഗത്തിൽ മെഡിക്കൽ ഓക്‌സിജന് വേണ്ടിയുള്ള ആവശ്യം വർദ്ധിച്ചു. ഓക്‌സിജൻ ഉറപ്പുവരുത്തുന്നതിനുള്ള സൗകര്യങ്ങളും സർക്കാർ ഒരുക്കി. ഓക്‌സിജൻ ഉത്പാദനം പത്ത് ഇരട്ടിയായി വർദ്ധിപ്പിച്ചു.

ലോകത്ത് കൊറോണ പ്രതിരോധ വാക്‌സിൻ നിർമ്മാണ കമ്പനികൾ കുറവാണ്. ഇന്ത്യ വാക്‌സിൻ ഉത്പാദിപ്പിച്ചില്ലായിരുന്നുവെങ്കിൽ സ്ഥിതിഗതികൾ വിപരീതമാകുമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് വാക്‌സിനുകൾ തദ്ദേശീയമായി നിർമ്മിച്ചു. ഇതുവരെ 23 കോടി വാക്‌സിൻ ആളുകൾക്ക് നൽകി. വാക്‌സിൻ ഉത്പാദനം വരും ദിവസങ്ങളിലും തുടരും. രാജ്യത്ത് ഏഴ് കമ്പനികളാണ് വാക്‌സിൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്ന് വാക്‌സിനുകളുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വാക്‌സിൻ ഉത്പാദനവും വിതരണവും വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button