KeralaLatest

പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കൃഷിവകുപ്പ്

“Manju”

ആലപ്പുഴ: ലോക്ക്ഡൗണും കാലം തെറ്റി പെയ്ത മഴയും കാറ്റും കാരണം ദുരിതത്തിലായ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ കപ്പ കര്‍ഷകര്‍ക്ക് കൈത്താങ്ങേകി കൃഷിവകുപ്പ്. ക്ഷീര സംഘങ്ങളുടെ സഹായത്തോടെ ബ്ലോക്കിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 20,289 കിലോ കപ്പയാണ് കൃഷി വകുപ്പ് സംഭരിച്ചത്.

വെള്ളം കയറിയ സ്ഥലങ്ങളിലെ കപ്പയ്ക്ക മുന്‍ഗണന നല്‍കിക്കൊണ്ട് പാലമേല്‍, നൂറനാട്, താമരക്കുളം പഞ്ചായത്തിലെ കര്‍ഷകരില്‍ നിന്നാണ് കപ്പ സംഭരിച്ചത്. സംഭരിച്ച കപ്പകളുടെ വില ഹോര്‍ട്ടികോപ്പ് വഴി കര്‍ഷകര്‍ക്ക് നല്‍കും. രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് തറവില അനുസരിച്ച്‌ 12 രൂപ വീതവും രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ക്ക് ഏഴു രൂപ വീതവും നല്‍കും.

പാലമേല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ക്ഷീര സംഘങ്ങളും കൃഷി ഭവനും വഴി 17,289 കിലോ കപ്പയും നൂറനാട് പഞ്ചായത്തില്‍ നിന്നും 2000 കിലോ കപ്പയും താമരക്കുളത്ത് നിന്ന് 1000 കിലോ കപ്പയുമാണ് സംഭരിച്ചത്. ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രജനി, പാലമേല്‍ കൃഷി ഓഫീസര്‍ പി. രാജശ്രീ, നൂറനാട് കൃഷി ഓഫീസര്‍ ആര്‍. അശ്വതി, താമരക്കുളം കൃഷി ഓഫീസര്‍ എസ്. ദിവ്യശ്രീ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഭരണം. പ്രതിസന്ധിയുടെ കാലത്ത് കര്‍ഷകരുടെ വിളവിന് വില കണ്ടെത്താനും അവര്‍ക്കു സഹായമാകാനും കഴിഞ്ഞെന്നും ഇതുപോലെയുള്ള പ്രവര്‍ത്തങ്ങളാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നതെന്നും എ.ഡി.എ പി. രജനി പറഞ്ഞു.

Related Articles

Back to top button