IndiaInternationalLatest

ജിദ്ദയിൽ ഈജിപ്തുകാരനെ വധശിക്ഷയ്ക്ക് വിധേയനാക്കി

“Manju”

ജിദ്ദ: ഐ എസ് പ്രചോദനത്തോടെ നിഷ്ടൂര കൊലപാതകം നടത്തിയ ഒരു കൊലയാളിയെ ജിദ്ദയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. വലീദ് സാമി അൽസുഹൈരി എന്ന പേരുള്ള ഈജിപ്തുകാരനായ കുറ്റവാളിയ്ക്ക് ജിദ്ദയിൽ വെച്ച് ബുധനാഴ്ചയാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
2020 നവംബർ 12 ന് പുലർച്ചെ ജിദ്ദയിലെ ഒരു പെട്രോൾ സ്റ്റേഷനോട് ചേർന്നുള്ള പള്ളിയിൽ വെച്ചായിരുന്നു കൊലപാതകം അരങ്ങേറിയത്.പട്രോളിംഗ് ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ അടുത്തുള്ള പള്ളിയിൽ സുബഹ് നിസ്കാരം നിർവഹിക്കുകയായിരുന്നു വീരമൃത്യു വരിച്ച ഹാദി ബിൻ മിസ്ഫർ അൽഖഹ്ത്വാനി എന്ന പോലീസ് ഭടൻ. നിസ്കാര സ്ഥലത്ത് പ്രസ്തുത പോലീസുകാരൻ മാത്രമേ ഉള്ളൂവെന്ന് മനസ്സിലാക്കിയ പ്രതി നിസ്കാരത്തിലെ ഇരുത്തം അനുഷ്ഠാനത്തിനിടയിൽ നിരവധി വട്ടം അതിക്രൂരമായി കുത്തി വീഴ്ത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ സുരക്ഷാ വകുപ്പുകൾ നടത്തിയ ഊർജിതമായ അന്വേഷണത്തിലൂടെ വൈകാതെ പിടികൂടുകയായിരുന്നു. കൊലപാതകം നടത്താൻ ഉപയോഗിച്ച കത്തിയും പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതി താൻ ഭീകര സംഘടനയായ ഐ എസിൽ ചേർന്ന് പ്രവർത്തിക്കുന്നതായും വെളിപ്പെടുത്തി.
കേസിൽ വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ഇത് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ ഭരണാധികാരി സൽമാൻ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്ത ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്നവർക്കെല്ലാം സമാന ഗതിയായിരിക്കും ഉണ്ടാവുകയെന്ന് ഇക്കാര്യം പുറത്തു വിട്ടു കൊണ്ടുള്ള അറിയിപ്പിൽ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related Articles

Back to top button