Sports

കായിക കിറ്റ് സ്‌പോൺസർഷിപ്പ് : ചൈനാ കമ്പനിയെ മാറ്റി

“Manju”

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക്‌സ് താരങ്ങളുടെ കിറ്റ് സ്‌പോൺസർഷിപ്പിൽ നിന്നും ചൈനീസ് കമ്പനിയെ ഒഴിവാക്കി. ചൈനയുടെ ലീ നിംഗ് എന്ന കമ്പനിയാണ് ഇന്ത്യൻ അത്‌ലറ്റുകളുടെ ജഴ്‌സിയടക്കം സ്‌പോൺസർ ചെയ്യാൻ മുന്നോട്ട് വന്നത്. കേന്ദ്ര കായികമന്ത്രാലയമാണ് തീരുമാനം എടുത്തത്.

ലോകം മുഴുവൻ ചൈനാ വിരുദ്ധ വികാരം നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വിവാദ വിഷയത്തിൽ ഇന്ത്യൻതാരങ്ങൾ പെടാതിരിക്കാനാണ് ചൈനീസ് കമ്പനിയെ ഒഴിവാക്കിയതെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പറഞ്ഞു.

സ്‌പോൺസർഷിപ്പ് ലോഗോ പതിക്കാത്ത ജാക്കറ്റുകളണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ ടോക്കിയോവിലേക്ക് യാത്രതിരിക്കുക. ലോഗോ ഇല്ലാത്ത ജഴ്സി കേന്ദ്രമന്ത്രി കിരൺ റിജിജു പുറത്തിറക്കി. ജൂലൈ 23 മുതൽ ആഗസ്റ്റ് 8-ാം തീയതിവരെയാണ് ഒളിമ്പിക്‌സ് നടക്കാനിരിക്കുന്നത്. ചൈനയ്‌ക്കെതിരെ കടുത്ത വികാരമാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പ്രകടിപ്പിക്കുന്നത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളും ഹോങ്കോംഗ് വിഷയവും കൊറോണയും ഒരു പോലെ എതിർപ്പിനുള്ള കാരണങ്ങളാണ്. 2022ൽ ചൈന ആതിഥ്യമരുളുന്ന ശൈത്യകാല ഒളിമ്പിക്‌സിൽ നിന്നും പിന്മാറുന്ന കാര്യം പോലും രാജ്യങ്ങളുടെ സജീവ പരിഗണനയിലാണ്.

Related Articles

Back to top button