Kerala

പുതിയ പോലീസ് മേധാവി: ചുരുക്ക പട്ടിക ഉടൻ 

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ തീരുമാനിക്കാനുള്ള ചുരുക്ക പട്ടിക ഉടൻ യുപിഎസ് സി സംസ്ഥാനത്തിന് കൈമാറാൻ സാധ്യത. കേരളം നൽകിയ മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകൾ കേന്ദ്ര സർക്കാർ ഒഴിവാക്കി. 30വർഷം സർവീസ് പൂർത്തിയാക്കാത്തവരെയാണ് കേന്ദ്രം ഒഴിവാക്കിയത്.

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിക്ക് വേണ്ടി 12പേരുടെ പട്ടികയാണ് കേരളം കേന്ദ്ര സർക്കാരിന് കൈമാറിയത്. ഇതിൽ നിന്ന് മൂന്ന് പേരുടെ ചുരുക്ക പട്ടിക യുപിഎസ് സി സംസ്ഥാനത്തിന് കൈമാറുകയാണ് പതിവ്. ഈ 12 പേരിൽ നിന്നാണ് മൂന്ന് പേരെ കേന്ദ്രസർക്കാർ ഒഴിവാക്കിയത്. 30വർഷം സർവീസില്ലാത്തവരെ പരിശോധനയിൽ ഒഴിവാക്കുകയായിരുന്നു. ശേഷിക്കുന്ന ഒൻപത് പേരിൽ നിന്നും പുതിയ ഡിജിപിയെ തെരഞ്ഞെടുക്കാൻ മൂന്ന് പേരുടെ ചുരുക്ക പട്ടിക കേരളത്തിന് കൈമാറും. നിലവിലെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിൽ അടുത്തയാഴ്ചയോടെ പട്ടിക യുപിഎസ് സി കേരളത്തിന് കൈമാറാനാണ് സാധ്യത.

1987 ബാച്ചിലെ അരുൺകുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹ തിരിച്ച് വന്നില്ലെങ്കിൽ തച്ചങ്കരിക്കാണ് കൂടുതൽ സാധ്യത. കെഎഫ്സിയിലായിരുന്ന തച്ചങ്കരിയെ സർക്കാർ അടുത്തിടെ മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റിയിരുന്നു. പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റമെന്നാണ് സൂചന. നടപടികൾ വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രസർക്കാരിന് കത്ത് നൽകാനും ആലോചിക്കുന്നുണ്ട്.

Related Articles

Back to top button