IndiaKeralaLatest

കോവിഡ് വാക്സിന്‍ ഉപയോഗം; മാതൃകയായി കേരളവും പശ്ചിമ ബംഗാളും

“Manju”

ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ കേരളം മുന്നില്‍. വാക്‌സിന്‍ വേസ്റ്റേജില്‍ നെഗറ്റീവ് നിരക്കുമായാണ് കേരളവും പശ്ചിമബംഗാളും പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. അതേസമയം, വാക്‌സിന്‍ ഡോസുകള്‍ പാഴാക്കിക്കളയുന്നതില്‍ ഝാര്‍ഖണ്ഡ് ഒന്നാമതായി. മെയ് മാസത്തില്‍ കേരളത്തിന്റെ വാക്സിന്‍ പാഴാക്കല്‍ നിരക്ക് നെഗറ്റീവ് 6.37 ശതമാനമാണ്. പശ്ചിമ ബംഗാളിന്റേത് നെഗറ്റീവ് 5.48 ശതമാനവും. വാക്സിന്‍ ഉപയോഗത്തില്‍ സൂക്ഷ്മ പുലര്‍ത്തിയതോടെ കേരളം 1.10 ലക്ഷവും പശ്ചിമബംഗാള്‍ 1.61 ലക്ഷം ഡോസുകളും ലാഭിച്ചു. അതേസമയം, ഝാര്‍ഖണ്ഡ് 33.95 ശതമാനം വാക്സിനാണ് പാഴാക്കിയത്.
വാക്‌സിന്‍ ഡോസുകള്‍ പാഴാക്കുന്നതില്‍ ഛത്തീസ്ഗഢാണ് രണ്ടാം സ്ഥാനത്ത്. 15.79 ശതമാനം വാക്‌സിനാണ് സംസ്ഥാനം പാഴാക്കിയത്. മധ്യപ്രദേശ് 7.35 ശതമാനം, പഞ്ചാബ് 7.08, ഡല്‍ഹി 3.95, രാജസ്ഥാന്‍ 3.91, ഉത്തര്‍പ്രദേശ് 3.78, ഗുജറാത്ത് 3.63, മഹാരാഷ്ട്ര 3.59 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പാഴാക്കല്‍ നിരക്ക്.
മെയ് മാസത്തില്‍ 790.6 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമായി വിതരണം ചെയ്തത്. ഇതില്‍ 658.6 ലക്ഷം ഷോട്ടുകള്‍ 610.6 ലക്ഷം വാക്സിനേഷനായി ഉപയോഗിച്ചു. 212.7 ലക്ഷമാണ് ശേഷിച്ചത്. ഏപ്രിലിനെ അപേക്ഷിച്ച്‌ മെയില്‍ വാക്സിനേഷന്‍ കുറവായിരുന്നു. ഏപ്രിലില്‍ 898.7 ലക്ഷം വാക്സിനേഷന്‍ നടത്തി. ഇതിനായി 902.2 ലക്ഷം ഡോസ് വാക്സിനാണ് ഉപയോഗിച്ചത്. ബാക്കിവന്നത് 80.8 ലക്ഷം.
45 വയസിനു മുകളിലുള്ളവര്‍ക്കായി ആദ്യ ഡോസ് വാക്സിന്‍ ജൂണ്‍ ഏഴു വരെ 38 ശതമാനം പേര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ത്രിപുരയാണ് മുന്നില്‍, 92 ശതമാനമാണ് വാക്‌സിനേഷന്‍ നിരക്ക്. രാജസ്ഥാന്‍, ഛത്തീസ്ഗഢ് 65 ശതമാനം വീതം, ഗുജറാത്ത് 53 ശതമാനം, കേരളം 51 ശതമാനം, ഡല്‍ഹി 49 ശതമാനം എന്നിങ്ങനെയാണ് മുന്‍പന്തിയിലുള്ള മറ്റു സംസ്ഥാനങ്ങള്‍. തമിഴ്നാട്ടിലാണ് ഏറ്റവും കുറവ്, 19 ശതമാനം. ബിഹാര്‍ 25 ശതമാനം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് 24 ശതമാനം എന്നിവയാണ് തമിഴ്നാടിനു മുന്നിലുള്ള സംസ്ഥാനങ്ങള്‍.

Related Articles

Back to top button