KeralaLatest

നൂറുദിന പരിപാടി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായി നൂറുദിന പരിപാടി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി. ഇന്നു മുതല്‍ സെപ്തംബര്‍ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന കമര്‍മപരിപാടിയാണു പ്രഖ്യാപിച്ചത്്. പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണു നടപ്പാക്കുക.

കോവിഡ് നിയന്ത്രണങ്ങളുടെ സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് 20,000 ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റികള്‍ (എഡിഎസ്) വഴി 200 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യും. 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ ആയിരത്തില്‍ അഞ്ചു പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയാറാക്കും. വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങള്‍ നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കും.

വ്യവസായ വകുപ്പ്-10,000, സഹകരണം- 10,000, കുടുംബശ്രീ-2,000, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍-2,000, വനിതാവികസന കോര്‍പറേഷന്‍- 2,500, പിന്നോക്കവികസന കോര്‍പറേഷന്‍- 2,500, പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍-2,500, ഐടി. മേഖല- 1000, തദ്ദേശഭരണ വകുപ്പ്- 7,000, (യുവ വനിതാ സംരംഭകത്വ പരിപാടി-5000, സൂക്ഷ്മ സംരംഭങ്ങള്‍ 2000), ആരോഗ്യവകുപ്പ്-4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ്- 350 (പരോക്ഷമായി), ഗതാഗത വകുപ്പ്- 7500, റവന്യൂ വകുപ്പില്‍ വില്ലേജുകളുടെ റീസര്‍വേയുടെ ഭാഗമായി 26,000 സര്‍വേയര്‍, ചെയിന്‍മാന്‍ എന്നിവരുടെ തൊഴിലവസരങ്ങള്‍ എന്നിവയാണവ. കര്‍മപരിപാടിയുടെ നടപ്പാക്കല്‍ പുരോഗതി നൂറു ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്ബോള്‍ പ്രത്യേകം അറിയിക്കും.

വന്‍ പ്രകൃതി ദുരന്തങ്ങളെ നേരിട്ട നമ്മുടെ സംസ്ഥാനത്ത് ദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സമയബന്ധിതമായി സൃഷ്ടിക്കാനായി രൂപപ്പെടുത്തിയ പദ്ധതിയായ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്(ആര്‍ കെ ഐ) ലോകബാങ്ക്, ജര്‍മന്‍ ബാങ്കായ കെ എഫ് ഡബ്ല്യൂ, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (എ ഐ ഐ ബി) എന്നിവയില്‍നിന്ന് 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതം കൂടി ചേരുമ്ബോള്‍ ആര്‍ കെ ഐ പദ്ധതികള്‍ക്കായി 8,425 കോടി രൂപ ലഭ്യമാകും. അതില്‍ വരുന്ന നൂറു ദിനങ്ങളില്‍ 945.35 കോടി രൂപയുടെ ഒന്‍പ് റോഡ് പ്രവൃത്തികള്‍ ആരംഭിക്കും.

ഈ നൂറുദിനങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് 1519.57 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും. 200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതികള്‍ നൂറ് ദിവസത്തിനകം ഉദ്ഘാനം ചെയ്യും. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തിനായി വിത്തുകള്‍ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചിട്ടുണ്ട്. സുഭിക്ഷം, സുരക്ഷിതം കേരളം എന്ന ലക്ഷ്യത്തോടെ 25,000 ഹെക്ടറില്‍ ജൈവകൃഷി ആരംഭിക്കും. 100 അര്‍ബന്‍ സ്ട്രീറ്റ് മാക്കറ്റ് ആരംഭിക്കും. 25 ലക്ഷം പഴവര്‍ഗ വിത്തുകള്‍ വിതരണം ചെയ്യും. 150 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് സംഘങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കും. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 250 പഞ്ചായത്തുകളില്‍ മത്സ്യകൃഷി ആരംഭിക്കും. വ്യവസായ സംരംഭകര്‍ക്ക് ഭൂമി ലീസില്‍ അനുവദിക്കാന്‍ സംസ്ഥാന തലത്തില്‍ ഏകീകൃത നയം പ്രഖ്യാപിക്കും.

കുട്ടനാട് ബ്രാന്‍ഡ് അരി മില്ലിന്റെ പ്രവര്‍ത്തനം തുടങ്ങും. കാസര്‍ഗോഡ് ഇ എം എല്‍ ഏറ്റെടുക്കും. ഉയര്‍ന്ന ഉല്‍പ്പാദന ശേഷിയുള്ള 10 ലക്ഷം കശുമാവിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കും.കാഷ്യൂ ബോര്‍ഡ് 8000 മെട്രിക് ടണ്‍ കശുവണ്ടി ലഭ്യമാക്കി 100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കും. 12000 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഭൂനികുതി ഒടുക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങും. തണ്ടപ്പേര്‍, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ അയക്കാന്‍ ഓണ്‍ലൈന്‍ മോഡ്യൂള്‍ പ്രാവര്‍ത്തികമാക്കും.

ലൈഫ് മിഷന്‍ 10,000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കും. വിദ്യാശ്രീ പദ്ധതിയില്‍ 50,000 ലാപ്‌ടോപ്പുകളുടെ വിതരണം ആരംഭിക്കും. നിലാവ് പദ്ധതി 200 ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (അമൃത് പദ്ധതിപ്രകാരം) തുടങ്ങും.

യാത്രികര്‍ക്കായി 100 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ തുറക്കും. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹയര്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് വിതരണം തുടങ്ങും. കണ്ണൂര്‍ കെ.എം.എം. ഗവ. വിമന്‍സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പില്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ചു കോടി രൂപയുടെ 20 സ്‌കൂളുകളും മൂന്നു കോടി രൂപയുടെ 30 സ്‌കൂളുകളും പ്ലാന്‍ ഫണ്ട് മുഖേന നിര്‍മ്മാണം പൂര്‍ത്തിയായ 40 സ്‌കൂളുകളുമടക്കം 90 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. 43 ഹയര്‍ സെക്കന്‍ഡറി ലാബുകളും മൂന്നു ലൈബ്രറികളും തുറക്കും.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവന്‍സ് ഭക്ഷ്യ കിറ്റായി വിതരണം ചെയ്യും. സ്‌കൂളുകളില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി അദ്ധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കും. വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വീടുകളില്‍ പുസ്തകം എത്തിക്കുന്നതിന്റെ ഭാഗമായി ‘വായനയുടെ വസന്തം’ പദ്ധതി ആരംഭിക്കും. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നതിനായി ഒരു വിദ്യാര്‍ഥിക്ക് 10,000 രൂപ നിരക്കില്‍ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി തുടങ്ങും.

കെ.എസ്.ഐ.ഡി.സി വഴി മടങ്ങിവന്ന പ്രവാസികള്‍ക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതിആരംഭിക്കും. ഒരു വ്യക്തിക്ക് 25 ലക്ഷം മുതല്‍ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും. കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ ക്ലിയറന്‍സിനായുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച്‌ തുടങ്ങും. ചെല്ലാനം കടല്‍ തീരത്തെ കടലാക്രമണം തടയാന്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തിക്ക് തുടക്കം കുറിക്കും. കടലാക്രമണ സാധ്യതയുള്ള മറ്റു പ്രദേശങ്ങളില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കാനുള്ള പഠനം, തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ഭൂരഹിത, ഭവനരഹിതര്‍ക്കായി 40 യൂണിറ്റുകളുളള ഭവന സമുച്ചയം കെയര്‍ഹോം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി കൈമാറും.

 

Related Articles

Back to top button