KeralaLatest

കേരളത്തീരത്ത് പുതിയൊരു സൂക്ഷ്മജീവി

“Manju”

കൊച്ചി ; കേരളത്തീരത്തുനിന്ന്പുതിയ ഒരു സൂക്ഷ്മജീവിയെ കണ്ടെത്തി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകസംഘം ‘ ടാര്‍ഡിഗ്രേഡ് ‘വര്‍ഗത്തില്‍പ്പെട്ട ഇനത്തെയാണ് വടകരതീരത്ത് കണ്ടെത്തിയത്. ഇതിന് സ്റ്റിഗാര്‍റ്റൊസ് കേരലെന്‍സിസ് എന്ന് പേരു നല്‍കി.

ലോകത്തില്‍ത്തന്നെ ഏറ്റവും പരുക്കന്‍ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന ചെറുജീവികളെന്നാണ് ടാര്‍ഡിഗ്രേഡുകള്‍ക്കുള്ള വിശേഷണം. കുസാറ്റിലെ മറൈന്‍ ബയോളജി, മൈക്രോബൈയോളജി ആന്റ് ബയോ കെമസ്ട്രി വിഭാഗത്തിലെ ഗവേഷകരായ എന്‍ കെ വിഷ്ണുദത്തന്‍, ഡോ. പി.ആര്‍ ജയചന്ദ്രന്‍, ഡോ.എസ്. ബിജോയ് നന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള‍ സംഘമാണ് കണ്ടെത്തിയത്.

നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ഓഫ് ഡെന്‍മാര്‍ക്കിലെ ടാര്‍ഡിഗ്രേഡ് വിദഗ്ധനായ ഡോ.ജെ.ജി ഹാന്‍സന്‍ ഇതില്‍ പങ്കാളിയായിരുന്നു. അന്താരാഷ്ട്ര ഗവേഷണ മാസികയായ സൂട്ടാക്സയില്‍ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏകദേശം 130 മൈക്രോമീമീറ്റര്‍ (0.13മില്ലീമീറ്റര്‍) വരെ നീളത്തില്‍ വളരുന്ന സിഗാര്‍റ്റൊസ് ജനുസ്സില്‍പ്പെട്ട എട്ടാമത്തെ ഇനത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. അരനൂറ്റാണ്ടിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ കടലില്‍ നിന്ന് ഒരു ടാര്‍ഡിഗ്രേഡ് ഇനത്തിന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നതെന്ന് ഡോ.ബിജോയ് നന്ദന്‍ പറഞ്ഞു.

ടാര്‍ഡിഗ്രേഡുകള്‍
പല പാരിസ്ഥിതിക വെല്ലുവിളികളെയും നേരിടാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതികഠിന താപനില, കടുത്ത അന്തരീക്ഷമര്‍ദം, ശക്തിയേറിയ അണുവികിരണം, നീണ്ടകാലത്തെ നിര്‍ജലീകരണം തുടങ്ങിയ സാഹചര്യങ്ങളെയെല്ലാം അതിജീവിക്കാന്‍ കഴിയും. അഞ്ച് കൂട്ടവംശനാശ പരമ്പരകളെ അതിജീവിച്ചതാണ് ടാര്‍ഡിഗ്രേഡുകള്‍. പ്രാണികള്‍, ചിലന്തികള്‍ തുടങ്ങിയവയുടെ അടുത്തബന്ധുക്കളായാണ് ഇവയെ വിലയിരുത്തുന്നത്. ഇതുവരെ 1300 ഇനം ടാര്‍‍‍ഡിഗ്രേഡുകളെയാണ് കണ്ടെത്തിയിട്ടുളളത്.

Related Articles

Back to top button