Uncategorized

ഐടി ചട്ടം : സമൂഹമാദ്ധ്യമങ്ങളിൽ ചൂഷണം തടയാൻ

“Manju”

ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐടി ചട്ടങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലെ സാധാരണക്കാരെ ശാക്തീകരിക്കാനാണെന്ന് ഐക്യരാഷ്ട്ര സഭയിൽ മറുപടി നൽകി ഇന്ത്യ. 2018 മുതൽ തുടങ്ങിയ ചർച്ചകൾക്കൊടുവിലാണ് പുതിയ ഐടി ചട്ടങ്ങൾ കൊണ്ടുവന്നത്. മനുഷ്യാവകാശ ലംഘനമല്ല ഐടി ചട്ടങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യൻ മിഷൻ വ്യക്തമാക്കി. ഐടി ചട്ടത്തിൽ ആശങ്ക അറിയിച്ച യുഎന്നിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യ ഘടനയുടെ ഭാഗമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് മറുപടിയിൽ വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇരകൾക്ക് പരാതി നൽകാൻ ഒരിടം വേണം. പൊതുജനങ്ങളുടെ ഉൾപ്പെടെ വിവിധ മേഖലയിലെ വിദഗ്ധരുടേയും അഭിപ്രായം തേടിയ ശേഷമാണ് പുതിയ ചട്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎന്നിലെ മനുഷ്യാവകാശ കൗൺസിൽ കഴിഞ്ഞ ദിവസം ഐടി ചട്ടങ്ങളിൽ ആശങ്ക അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മറുപടിയുമായി ഇന്ത്യ എത്തിയത്. ചട്ടങ്ങളിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്നും ഇതിൽ ഇന്ത്യ മാറ്റം വരുത്തണമെന്നും യുഎന്നിലെ പ്രത്യേക സമിതി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചട്ടങ്ങളിൽ മനുഷ്യരുടെ അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള അവകാശങ്ങളിൽ ഒരു ലംഘനവും നടക്കുന്നില്ലെന്നും ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

Related Articles

Back to top button