Uncategorized

ദൃശ്യ കൊലപാതകം: അന്വേഷണം രണ്ട് കേസുകളിൽ

“Manju”

മലപ്പുറം: പ്രണയം നിരസിച്ചതിന്റെ പേരിൽ 21 വയസുകാരിയെ കുത്തി കൊലപ്പെടുത്തിയതും പെരിന്തൽമണ്ണയിൽ കട തീവെച്ചു നശിപ്പിച്ചതും പോലീസ് വെവ്വേറെ കേസുകളായി അന്വേഷിക്കും. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് ദൃശ്യയെ വിനീഷ് കുത്തിക്കൊന്നത്. ദൃശ്യയെ കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസം മുൻപാണ് പിതാവ് ബാലചന്ദ്രന്റെ കട വിനീഷ് തീയിടുന്നത്.

ദൃശ്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടിൽ അതിക്രമിച്ച് കയറൽ(ഐപിസി 450), കൊലപാതകം(ഐപിസി 302) കൊലപാതക ശ്രമം(ഐപിസി 307) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊല്ലപ്പെട്ട ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ കട കത്തിച്ച സംഭവത്തിൽ ഐപിസി 436 പ്രകാരമാണ് (വീടോ സ്ഥാപനമോ തീവെച്ച് നശിപ്പിക്കൽ) കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി വിനീഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ദൃശ്യയെ വിനീഷ് 22 തവണയാണ് കുത്തിയത്. തുടർന്നുള്ള രക്തസ്രാവമാണ് മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കേസിലെ പ്രാഥമിക തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു.

സംഭവ ശേഷം വീടിന് പിന്നിലെ വയലിലൂടെ ഓടി രക്ഷപ്പെട്ടെന്നാണ് വിനീഷ് പോലീസിന് നൽകിയ മൊഴി. ഇതടക്കമുള്ള കൂടുതൽ തെളിവെടുപ്പിനാണ് പ്രതിയെ പോലീസ് കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങുന്നത്. പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ ഇന്നലെ ആശുപത്രി വിട്ടിരുന്നു.

Related Articles

Back to top button