Entertainment

‘ഒറ്റ്’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

“Manju”

തമിഴകത്തിന്റെ പ്രിയതാരം അരവിന്ദ് സ്വാമിയും മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഒറ്റ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളം – തമിഴ് ഭാഷകളില്‍ ഒരുമിച്ചെത്തുന്ന ഒറ്റ് (മലയാളം) രെണ്ടകം (തമിഴ്) എന്ന സിനിമയുടെ പോസ്റ്ററുകളാണ് കുഞ്ചാക്കോ ബോബന്‍ അരവിന്ദ് സ്വാമിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഷെയര്‍ ചെയ്തിരിക്കുന്നത്.

25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു മലയാള സിനിമയില്‍ അരവിന്ദ്‌സ്വാമി എത്തുന്നത്. ബോളിവുഡ് താരം ജാക്കി ഷറോഫും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘തീവണ്ടി’ എന്ന സിനിമയുടെ സംവിധായകനായ ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

എ എച്ച് കാശിഫ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. അരവിന്ദ് സ്വാമിക്ക് ഒപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു അംഗീകാരമായി കാണുന്നുവെന്നും ഷൂട്ടിംഗ് തുടങ്ങാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

Related Articles

Back to top button