Kerala

ഖേദം പ്രകടിപ്പിച്ച് ജോസഫൈൻ; ആത്മരോഷമെന്ന് വിശദീകരണം

“Manju”

തിരുവനന്തപുരം : പരാതി ബോധിപ്പിച്ച സ്ത്രീയോട് ധാർഷ്ട്യത്തോടെ പെരുമാറിയതിൽ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ. ആത്മരോഷം കൊണ്ടാണ് അത്തരത്തിൽ പ്രതികരിച്ചതെന്ന് ജോസഫൈൻ പറഞ്ഞു. പരാമർശത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഖേദ പ്രകടനവുമായി അദ്ധ്യക്ഷ രംഗത്ത് വന്നിരിക്കുന്നത്.

സമീപകാലത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും അത്രിക്രമങ്ങളിലും ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും ഞാൻ അസ്വസ്ഥയായിരുന്നു. ചാനലിൽ നിന്ന് എന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു പ്രതികരണം നടത്താമോ എന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു. തിരക്കുള്ള ദിവസം ആയിരുന്നതിനാലും എനിക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാലും ഞാൻ ചർച്ചയ്ക്ക് വരുന്നില്ല എന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയം ആണെന്നതും വനിതാ കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം ഈ ഘട്ടത്തിൽ അനിവാര്യമാണെന്നും പറഞ്ഞതോടെ ഞാൻ ചാനലിലെ പരിപാടിക്ക് ചെല്ലാം എന്ന് അറിയിക്കുകയായിരുന്നു. എന്നാൽ അവിടെ ചെന്ന ശേഷം ആണ് അതൊരു ടെലിഫോൺ വഴി പരാതികേൾക്കുന്ന തരത്തിലാണ് അതിന്റെ ക്രമീകരണം എന്ന് മനസ്സിലായതെന്ന് ജോസഫൈൻ പറഞ്ഞു.

നിരവധി പരാതിക്കാർ ആ പരിപാടിയിലേക്ക് ഫോൺ ചെയ്യുകയുണ്ടായി. ടെലിഫോൺ അഭിമുഖത്തിനിടയിൽ എറണാകുളം സ്വദേശിനി ആയ സഹോദരി എന്നെ ഫോണിൽ വിളിച്ച് അവരുടെ ഒരു കുടുംബപ്രശ്നം പറയുകയുണ്ടായി. അവരുടെ ശബ്ദം നന്നെ കുറവായിരുന്നതിനാൽ എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ആ ഘട്ടത്തിൽ അവരോട് അല്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. സംസാരമധ്യേ, ആ സഹോദരി പോലീസിൽ പരാതി നൽകിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എന്താണ് പോലീസിൽ പരാതി നൽകാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാൻ പെൺകുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണ്. പെൺകുട്ടികൾ സധൈര്യം പരാതിപ്പെടാൻ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്ക് ഉണ്ടായത്.

എന്നാൽ പിന്നീട് ചിന്തിച്ചപ്പോൾ ഞാൻ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകൾ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ എന്റെ പരാമർശത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ധ്യക്ഷ പ്രസ്താവനയിൽ വ്യക്തമാക്കി.

Related Articles

Back to top button