IndiaLatest

മാസ്‌ക് ധരിക്കാത്തതിന് ഈടാക്കിയത് 58 കോടി രൂപ

“Manju”

മുംബൈ: രാജ്യത്ത് മാസ്‌ക് ധരിക്കാത്തതിന് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയ നഗരമായി മുംബൈ. ജൂണ്‍ 23 വരെയുള്ള കണക്കനുസരിച്ച്‌ ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ഈടാക്കിയത് 58കോടി രൂപയാണ്. 58,42,99,600 രൂപയാണ് ആകെ ലഭിച്ച പിഴത്തുക. ഇതില്‍ മുംബൈ പോലീസും റെയില്‍വേയും ഈടാക്കിയ പിഴത്തുകയും ഉള്‍പ്പെടും.
മാസ്‌ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ പിഴയിടുന്നത്. രാജ്യത്ത് ഏറ്റവും അധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ. തുടര്‍ന്ന് മാസ്‌ക് ഉള്‍പ്പെടെ ഇവിടെ കര്‍ശനമാക്കുകയും ചെയ്തിരുന്നു. രോഗവ്യാപനം കൂടുതലായിട്ടും ജനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്നതോടെയാണ് പിഴത്തുകയും കൂട്ടിയത്.
കൊറോണയുടെ രണ്ടാം തരംഗത്തിലും മഹാരാഷ്ട്രയില്‍ രോഗവ്യാപനവും മരണ നിരക്കും കൂടുതലായിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച്‌ നിലവില്‍ മഹാരാഷ്ട്രയില്‍ 1,24,994 സജീവ കേസുകളാണ് ഉള്ളത്.
കൊറോണ മഹാമാരിയെ തുടര്‍ന്നാണ് രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്. കൊറോണ മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളായ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ ലംഘിക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തുകയും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

Related Articles

Back to top button